
ലക്നൗ: ശബ്ദശല്യം ഒഴിവാക്കുന്നതിനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനപ്രകാരം ആരാധനാലയങ്ങളില്‍ നിന്ന് ഇതുവരെ ഴിച്ചുമാറ്റിയത് 11,000 ഉച്ചഭാഷിണികള്‍. ബുധനാഴ്ച വൈകിട്ട് വരെയുള്ള കണക്കാണിത്.
10,924 ഉച്ചഭാഷിണികള്‍ അഴിച്ചുമാറ്റിയെന്നും 35,221 എണ്ണത്തിന്റെ ശബ്ദം താഴ്ത്തി നിയന്ത്രിച്ചതായും ആഭ്യന്തര വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആഗ്രഹ, മീററ്റ്, ബറേലി, ലക്നൗ, കാണ്‍പൂര്‍, പ്രയാഗ്രാജ്, ഗൊരഖ്പുര്‍, വാരണാസി, എന്നീ സോണുകളിലും ലക്നൗ, കാണ്‍പൂര്‍, ഗൗതം ബുദ്ധനഗര്‍, വാരണാസി എന്നീ നാല് കമ്മീഷണേറ്റുകള്‍ക്കും കീഴിലുള്ള ആരാധനാലയങ്ങളില്‍ നിന്നാണ് ഉച്ചഭാഷിണികള്‍ അഴിച്ചുമാറ്റിയത്.
മതസ്ഥാപനങ്ങളില്‍ നിന്ന് ഉച്ചഭാഷിണികള്‍ അഴിച്ചുമാറ്റാന്‍ ഏപ്രില്‍ 21നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടത്. വിവിധ ജില്ലകളില്‍ നിന്ന് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അത്. ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദം അമിതമാകരുതെന്നും അതാത് സ്ഥാപനങ്ങളുടെ പുറത്തേക്ക് കടക്കരുതെന്നും യോഗി ഉത്തരവില്‍ പറഞ്ഞിരുന്നു.
ഉച്ചഭാഷിണികളുടെ ഉപയോഗം രാത്രി 10നും പുലര്‍ച്ചെ ആറിനും ഇടയില്‍ നിരോധിച്ചുകൊണ്ട് 2005 ജൂണില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പ്രദേശവാഅസികളുടെ ആരോഗ്യത്തെ ശബ്ദശല്യം ദോഷമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.






