
കലാകാരന്മാരെയും എഴുത്തുകാരെയും എന്നും രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. മലയാള സാഹിത്യത്തിലെ ഒറ്റയാനായിരുന്ന മുട്ടത്തു വര്‍ക്കിയും 109-ാം ജന്മദിനം അതുകൊണ്ടു തന്നെ വായനക്കാരും എഴുത്തിനെ സ്നേഹിക്കുന്നവരും ഓര്‍ത്തെടുക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ ഏറ്റവുമധികം മലയാളികള്‍ വായിക്കുകയും ആരാധിക്കുകയും ചെയ്ത എഴുത്തുകാരില്‍ ഒരാള്‍ മുട്ടത്തു വര്‍ക്കിയാണ്. സാധാരണക്കാരായജനങ്ങളെ വായനയിലേക്ക് അടുപ്പിച്ചു മുട്ടത്തു വര്‍ക്കി മുട്ടത്തു വര്‍ക്കിയുടെ 109-ാം ജന്മദിനത്തില് എഴുത്തുകാരി എസ്.ശാരദകുട്ടി ആ പ്രതിഭയെ ഓര്‍ത്തെടുക്കുകയാണ്.
‘‘ഇന്ന് മുട്ടത്തുവർക്കിയുടെ 109-ാം ജന്മദിനം.
മാധവിക്കുട്ടിയുടെ ‘എന്റെ കഥ’യുടെ പ്രസിദ്ധീകരണത്തോടെ മലയാളനാട് വാരിക നേടിയ ഉയിര്ത്തെഴുന്നേല്പ്പു പോലെ ഒന്നായിരുന്നു, മുട്ടത്തുവര്‍ക്കിയുടെ ‘കരകാണാക്കടല്‍’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിലൂടെ മലയാളരാജ്യം വാരിക നേടിയെടുത്തത്. പിന്നീട് കരകാണാക്കടല്‍ മലയാളി ഓര്‍ക്കുന്നത് സത്യനും മധുവും ജയഭാരതിയും അടൂര്‍ പങ്കജവും അടൂര്‍ ഭവാനിയും അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ചലച്ചിത്രം എന്ന നിലയിലാണ്. ജോയിച്ചന്റെ ആദ്യചുംബനത്തില്‍ ദേഹമാകെ വിറകൊണ്ടു നില്ക്കുന്ന മേരിയെ ജയഭാരതിയില്‍ ഒരിക്കലെങ്കിലും കണ്ട യൗവ്വനങ്ങള്‍ അത് മറക്കാനും ഇടയില്ല.
ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, പാടാത്ത പൈങ്കിളി അങ്ങനെ ഓര്‍ത്ത് വെക്കാന്‍ എത്രയെത്ര സിനിമകള്‍..!!. 68 നോവലുകള്‍, 16 ചെറുകഥാ സമാഹാരങ്ങള്‍, പത്തു നാടകങ്ങള്‍. വിവര്‍ത്തനകൃതികള്‍, കവിതകള്‍. (ഇതില്‍ 26 നോവലുകള്‍ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ്സിനിമകള്‍). .
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ എഴുതുകയും വായിക്കപ്പെടുകയും ചെയ്ത ഒരെഴുത്തുകാരന് ഏറ്റവും മികച്ച എഴുത്തുകാരന് ആയിരിക്കണമെന്നില്ല. പക്ഷെ ഒരു നീണ്ടകാലം ആ എഴുത്തുകാരന് അങ്ങനെ തുടരാന്‍ കഴിഞ്ഞെങ്കില്‍ അതില്‍ എന്തോ ഒരു കാര്യം ഉണ്ടെന്നു സമ്മതിക്കാതെ തരമില്ല.
ദീപിക വാരാന്ത്യപ്പതിപ്പില്‍ മുട്ടത്തുവര്‍ക്കിയുടെ നോവല്‍ എന്തോ കാരണവശാല്‍ മുടങ്ങിപ്പോയ ഒരു ഞായറാഴ്ച ഒരു വന്‍ജനാവലി ദീപികപത്രമാപ്പീസിലേക്ക് പ്രകടനമായി ചെന്ന് ഇടിച്ചു കയറിയതായും വായനക്കാരെ സമാധാനിപ്പിച്ച് പറഞ്ഞയക്കാന്‍ പത്രാധിപര്‍ കഷ്ടപ്പെട്ടതായും ഒരു കഥ കോട്ടയത്ത് ഇന്നും പ്രചാരത്തിലുണ്ട്.
ഉദ്വേഗജനകമായ അന്ത്യത്തോടെ പ്രസിദ്ധീകരിച്ചിരുന്ന തുടര്‍രചനകള്‍ മലയാളത്തില്‍ തുടങ്ങി വെച്ചത് മുട്ടത്തുവര്‍ക്കിയാണ്. വായനക്കാരുടെ നിര്‍ബന്ധത്തിനു മുന്നില്‍ വഴങ്ങേണ്ടി വന്ന ഈ എഴുത്തുകാരന് തന്റെ വിരലുകള്‍ ചലിക്കുന്നിടത്തോളം കാലം എഴുത്ത് തുടരേണ്ടി വന്നു. ഒക്കെ വായനക്കാരുടെ തീരുമാനമായിരുന്നു.ബുദ്ധിക്കും ചിന്തക്കും മാത്രമല്ല, വികാരത്തിനും ശരീരത്തിനും വേണ്ടത് കൂടി വായനക്കാര്‍ ആഗ്രഹിക്കും. മുട്ടത്തുവര്‍ക്കി അങ്ങനെ ഒരു കാലഘട്ടത്തിന്റെ ആവശ്യമായി മാറി.
തന്റെ എഴുത്ത് തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും തന്റെ ഭാഷയില്‍ എഴുതപ്പെട്ട ഓരോ കൃതിക്കും അവകാശപ്പെട്ടതാണെന്നും പറഞ്ഞത് ബോര്‍ഹസിനെ പോലെ ഒരു വലിയ എഴുത്തുകാരനാണ്. മലയാളത്തിലും ‘ചെറിയ’ എഴുത്തുകാര്‍ സമ്മതിച്ചില്ലെങ്കിലും ‘വലിയ’ എഴുത്തുകാര്‍ അത് സമ്മതിക്കാതിരിക്കില്ല.
തെളിമലയാളത്തില്‍ കഥകളും നോവലുകളും എഴുതിയ മുട്ടത്തുവര്‍ക്കി മലയാളിയുടെ വായനയില്‍ താരുണ്യം നിറച്ച എഴുത്തുകാരനാണ്. ക്രിസ്ത്യന്‍ മിഷിനറിമാരുടെ ഗദ്യനിര്മ്മാണ പ്രവര്‍ത്തനങ്ങളെ നന്ദിപൂര്‍വ്വം നാം ഓര്‍ക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയില്‍ ആവിഷ്കരിച്ച ഈ എഴുത്തുകാരന്റെ ഗദ്യകലയും ആദരിക്കപ്പെടേണ്ടതുണ്ട്.
ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയുടെ പുസ്തകങ്ങൾക്കിടയിൽ ബോദ്ലെയറുടെയും റില്‍കെയുടെയും ഒപ്പം മുട്ടത്തുവര്‍ക്കിയും ഉണ്ടായിരുന്നുവെന്നതും ഞാനാദ്യമായി ഓ. വി വിജയനെ നേരിൽ കാണുന്നത് അദ്ദേഹം മുട്ടത്തുവർക്കി പുരസ്കാരം സ്വീകരിക്കുന്ന വേളയിലായിരുന്നുവെന്നതും ഇപ്പോൾ ഓർമ്മിക്കുന്നു.
സ്റ്റാലിന് കൊന്നുകളഞ്ഞ റഷ്യന്‍ കവി ഒസ്സിപ് മാന്ടെല് സ്ടാമിന്റെ വിധവയെ കാണാന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ ബ്രൂസ് ചാറ്റ്വിന് ചെന്നപ്പോള്‍ അവര്‍ ആവശ്യപ്പെട്ടത് അടുത്ത തവണ വരുമ്പോള്‍ ‘റിയല്‍ ട്രാഷ്’ കൊണ്ട് വരാനാണ്. ആ റിയല്‍ ‘ട്രാഷ്’ പോലും ഇന്നില്ല എന്നത് കൊണ്ടാകാം Big Boss പോലെയുള്ള പരിപാടികളിലും ഓൺലൈൻ തുണ്ടുകളിലും അഭിരമിച്ച് മലയാളികള്‍ക്ക് തങ്ങളുടെ രഹസ്യാഭിരുചികളെ തൃപ്തിപ്പെടുത്തേണ്ടി വരുന്നത്. സാഹിത്യം മനുഷ്യന്റെ രഹസ്യാഭിരുചികളെയും കൂടി തൃപ്തിപ്പെടുത്തിയിരുന്ന കാലത്തിന്റെ ഓർമ്മയാണ് മുട്ടത്തുവർക്കി .
കേസരിയും എം.പി.പോളും സക്കറിയയും വരെ അംഗീകരിച്ചതാണ് മലയാള ഭാഷയുടെ ആ മുട്ടത്തുവർക്കിതെളിമ . ഏതെങ്കിലും തരത്തില്‍ കാലത്തെ നിര്‍ണ്ണയിച്ച ഓരോ രചയിതാവും അവര്‍ അര്ഹിക്കുന്നിടത്തോളമെങ്കിലും ആദരിക്കപ്പെടേണ്ടതുണ്ട്. ’’ എന്നാണ് ശാരദക്കുട്ടി കുറിച്ചത്.
മുട്ടത്തു വര്‍ക്കി എന്ന തൂലികാ നാമത്തില്‍ എഴുതിത്തുടങ്ങിയ കെ എം. വര്‍ക്കി 81 നോവലുകള്‍, 16 ചെറുകഥാ സമാഹാരങ്ങള്‍, 12 നാടകങ്ങള്‍, 17 വിവര്‍ത്തനകൃതികള്‍, 5 ജീവചരിത്രങ്ങള്‍ എന്നിവയടക്കം നൂറ്റിമുപ്പതിലധികം കൃതികളിലായി മുട്ടത്തുവര്‍ക്കിയുടെ രചനകളാണ്. ലളിതമായ ഭാഷയും സാധാരണ മനുഷ്യജീവിതത്തിലെ ലോലഭാവങ്ങളെ അളന്നെടുത്തുപയോഗിക്കുന്ന മനഃശാസ്ത്രപരമായ കഥാരൂപീകരണവും വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയിലെത്തിച്ച എഴുത്തുകാരനെ മലയാസാഹിത്യം ഇന്ന് ഓര്‍ത്തെടുക്കുകയാണ്.






