കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍ താനും പങ്കെടുക്കും. താന്‍ കോണ്ഗ്രസുകാരന് തന്നെയാണ്. തന്റെ പ്രചാരണം പോലെ തന്നെ ജോ ജോസഫിന്റെ പ്രചാരണത്തില്‍ പങ്കെടുക്കും. ജോ ജയിക്കണമെന്ന് ആഗ്രഹിച്ചുതന്നെയാണ് പ്രചരണത്തിന് ഇറങ്ങുന്നത്. ജയവും തോല്‍വിയും രാഷ്ട്രീയത്തിലുണ്ടാകും.
പാര്‍ട്ടിക്ക് തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ. കണ്ണൂരില്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത ശേഷം പുതിയ ആക്രമണം നടക്കുകയാണ്. 2018 മുതല്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആക്രമണം നടക്കുകയാണ്. തന്നെ കോണ്‍ഗ്രസുകാരനായി നിലനിര്‍ത്തുന്നത് എഐസിസിയാണ്.
സിപിഎം ഒരു ഓഫറും നല്‍കിയിട്ടില്ല. ഒന്നിനും പോകുന്നില്ല. ഒരുകാര്യവും ചര്‍ച്ച ചെയ്തിട്ടില്ല. കാബിനറ്റ് പദവികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്കാന് കെ.വി തോമസ് തയ്യാറായില്ല. കഥകള്‍ കേള്‍ക്കാന്‍ സുഖമുള്ളതാണെന്ന് മാത്രമായിരുന്നു ചിരിച്ചുകൊണ്ടുള്ള പ്രതികരണം. ഈ നിലയിലാണ് കോണ്‍ഗ്രസ് പോകുന്നതെങ്കില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സ്ഥിതി മോശമാകും. പാര്‍ട്ടിയില്‍ താന്‍ മാത്രം മതിയെന്ന് കരുതുന്ന ചില നേതാക്കളാണ് പാര്‍ട്ടിയിലുള്ളത്.
എം.പിയോ എം.എല്‍.എയോ അടക്കം ഒരു പാര്‍ലമെന്ററി സ്ഥനാത്തേക്കും ഇനിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങാത്തതിലും അദ്ദേഹം ന്യായീകരണം നല്കി. സ്ഥാനാര്‍ത്ഥി ഉമ തോമസ് തന്നെ വിളിച്ചതാണ്. തന്നെ കാണാന്‍ വരുമെന്ന് ഫോണ്‍ എടുത്ത ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഉമയെ ആരോ വിലക്കി. തൃക്കാക്കരയില്‍ കല്യാണമല്ലല്ലോ നടക്കുന്നത്. ക്ഷണിക്കാതെ ചെന്നാലുള്ള അവസ്ഥ അറിയാമല്ലോ? സ്വന്തം വീട്ടിലെ കല്യാണത്തിന് ക്ഷണിക്കാതെ ചെന്നാല്‍ ഗേറ്റ് അടയ്ക്കില്ലേ?
തനിക്കൊപ്പം കൊച്ചിയുടെ ചരിത്രമുണ്ട് താന്‍ തേവര കോളജില്‍ വിദ്യാര്‍ത്ഥിയായ കാലത്ത് ബ്രോഡ്വേ മാത്രമേയുള്ളൂ. പിന്നീട് വന്ന വികസനമാണ് ഇപ്പോള്‍ കാണുന്നത്. തങ്ങള്‍ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വിഴിഞ്ഞവും കൊച്ചിന് മെട്രോയും നെടുമ്പാശേരിയുമെല്ലാം വന്നത്.
കെ.റെയില്‍ മാത്രമല്ല വികസനം. എക്സ്പ്രസ് വേകളും എക്സ്പ്രസ് ട്രെയിനുകളും വരണം. എക്സ്പ്രസ്വേ കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. അത് ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയുന്നില്ലേ? താന്‍ സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കില്ല. ആരുടേയും അംബാസഡറുമല്ല. കോണ്‍ഗ്രസുകാരനായി തുടര്‍ന്ന് വികസന കാര്യങ്ങള്‍ പറയും.
തൃക്കാക്കര തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാന്‍ പോകുന്നില്ല. തൃക്കാക്കരയില്‍ തനിക്ക് ബന്ധമുള്ള വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. അവിടെ പോയി ജോയ്ക്കു വേണ്ടി വോട്ട് ചോദിക്കും.
പുതിയ പാര്‍ട്ടി രൂപീകരിക്കാനില്ല. ഒരു പാര്‍ട്ടിയിലേക്കും പോകുന്നില്ല. താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരും. എന്നാല്‍ തന്റെ ആശങ്കള്‍ മുന്നോട്ടുവയ്ക്കും. ഗെയില്‍ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞത് പിണറായി വിജയന് മാത്രമാണ്. അത്തരം വികസനങ്ങളോടാണ് യോജിക്കുന്നത്.
ലത്തീന്‍ സഭയോട് മാത്രമല്ല, സിറോ മലബാര്‍ സഭയോടും മാര്‍ത്തോമ്മ സഭയോടുമെല്ലാം തനിക്ക് ബന്ധമുണ്ട്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






