ന്യൂഡല്‍ഹി: ലോകാത്ഭുതമായ ആഗ്രയിലെ താജ് മഹലിലെ 20 മുറികള്‍ തുറക്കണമെന്ന വിവാദ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. മുറികള്‍ തുറക്കണമെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവായ രജനീഷ് സിങ് നല്കിയ ഹര്‍ജിയാണ് തള്ളിയത്. 20 മുറികള്‍ തുറക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഈ മുറികള്‍ പരിശോധിക്കുന്നതിനും അവിടെയുള്ള ഹിന്ദു വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മുറി തുറന്ന് വിവരം അറിയുകയെന്നത് അറിയാനുള്ള അവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹര്‍ജിക്കാരന്റെ പ്രതികരണം.
'താജ്മഹലുമായി ബന്ധപ്പെട്ട് പഴയൊരു വിവാദമുണ്ട്. താജ്മഹലിലെ 20 ഓളം മുറികള്‍ പൂട്ടിയിരിക്കുകയാണ്, ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല. ഈ മുറികളില്‍ ഹൈന്ദവ ദൈവങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വസ്തുതകള്‍ അറിയാന്‍ ഈ മുറികള്‍ തുറക്കാന്‍ എഎസ്ഐയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ മുറികള്‍ തുറന്ന് എല്ലാ വിവാദങ്ങള്‍ക്കും വിരാമമിടുന്നതില്‍ ഒരു തെറ്റുമില്ല, ''ബിജെപി നേതാവ് പറഞ്ഞിരുന്നു.






