ന്യൂഡല്‍ഹി: വീസ കൈക്കൂലി കേസില്‍ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന്റെ കൂട്ടാളി അറസ്റ്റില്‍. എസ്. ഭാസ്കര്‍ രാമന് എന്നയാളെയാണ് സിബിഐ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. 250 ചൈനീസ് പൗരന്മാര്ക്ക് ഇന്ത്യയിലേക്ക് എത്തുന്നതിന് ചട്ടം മറികടന്ന് വീസ ലഭിക്കാന്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട അസോസിയേറ്റ് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പി.ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളിലും ഓഫീസുകളിലുമടക്കം ഒമ്പത് കേന്ദ്രങ്ങളിലാണ് ഇന്നലെ സിബിഐ റെയ്ഡ് നടന്നത്.
കേസില്‍ അഞ്ച് പ്രതികളാണുള്ളത്. ഭാസ്കര്‍ രാമനും കാര്‍ത്തി ചിദംബരവും പ്രതികളാണ്. 2011ല്‍ പഞ്ചാബിലെ പവര്‍ പ്ലാന്റിലേക്ക് ജോലിക്കെത്തുന്ന ചൈനീസ് പൗരന്മാര്ക്ക് വീസ സംഘടിപ്പിക്കുന്നതിന് കമ്പനി ആദ്യം സമീപിച്ചത് ഭാസ്കര്‍ രാമനെയായിരുന്നു. ഭാസ്കര്‍ കാര്‍ത്തിയും ചിദംബരവുമായി കൂടിയാലോചിച്ച ശേഷം 50 ലക്ഷം രൂപ ക്കൈകൂലി ആവശ്യപ്പെട്ടുവെന്നും ഇടപാടിലെ പ്രധാന കണ്ണി ഭാസ്കര്‍ ആണെന്നും സിബിഐ പറയുന്നു.
അക്കാലത്ത് ആഭ്യന്തര മ്രന്താലയത്തിന്റെ ചുമതലയുണ്ടായിരുന്ന പി.ചിദംബരത്തിന്റെ സ്വാധീനത്തില്‍ അനധികൃതമായി കൂടുതല്‍ ചൈനീസ് പൗരന്മാര്ക്ക് വീസ സംഘടിപ്പിക്കുകയായിരുന്നു. ഇതിനു പ്രത്യുപകാരമായി 2011 ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ 50 ലക്ഷം രൂപ കാര്‍ത്തി ചിദംബരത്തിന് നല്‍കിയെന്നുമാണ് കേസ്.






