
മറയൂരില്‍ നിന്നും മനോഹരമായ വെക്കേഷന് ചിത്രങ്ങള്‍ പങ്കുവച്ച് നടി ശ്രിന്ദ. മറയൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ഹോളിഡേ ഹോമായ ‘ദ മഡ്ഹൗസി’ല്‍ നിന്നുമാണ് ശ്രിന്ദ ഈ ചിത്രങ്ങള്‍ എടുത്തിട്ടുളളത്.
കുളിരണിഞ്ഞ കാഴ്ചകള്‍ നിറഞ്ഞ മഞ്ഞില്‍ പൊതിഞ്ഞിരിക്കുകയാണ് മറയൂര്‍. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയ്ക്കൊപ്പം മൂടല്‍മഞ്ഞു കൂടിയായതോടെ പകല്‍ സമയത്തും ഇരുളടഞ്ഞ പ്രതീതിയാണ് ഇവിടെ. മഞ്ഞണിഞ്ഞ കാഴ്ചകള്‍ തേടി നിരവധി സഞ്ചാരികളാണ് മറയൂരിലേക്ക് ഒഴുകിയെത്തുന്നത്.
ശര്‍ക്കരയുടെയും ചന്ദനക്കാടുകളുടെയും നാടായ മറയൂര്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. ശര്‍ക്കര കുറുക്കിയെടുക്കുന്ന എണ്ണമറ്റ കുടിലുകളും സര്‍ക്കാര്‍ സംരക്ഷണയിലുള്ള ചന്ദനക്കാടുകളുമൊക്കെയായി ഏതെരു യാത്രികന്റെയും മനസ്സു നിറക്കുന്ന കാഴ്ചകളുമായാണ് മറയൂര്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്.






