
പട്ന: ആര്.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും സിബിഐ. 2004 മുതല്‍ 2009 വരെ ലാലു റെയില്‍വേ മന്ത്രിയായിരിക്കേ നടന്ന നിയമനങ്ങളിലെ അഴിമതിയുടെ പേരില്‍ പുതിയ കേസെടുത്ത സിബിഐ ലാലുവിന്റെ വീട് അടക്കം 15 ഇടങ്ങളില്‍ റെയ്ഡ് നടത്തുകയാണ്.
ലാലു പ്രസാദ്, ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മകളും രാജ്യസഭാംഗവുമായ മിസ ഭാരതി, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരുടെ വീടുകള്‍ അടക്കം 15 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
റെയില്‍വേയിലെ ജോലികള്‍ നല്‍കിയതിനു പകരമായി ഭൂമിയും മറ്റ് ആസ്തികളും ലാലുവും കുടുംബവും സമ്പാദിച്ചുവെന്നാണ് കേസ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 73കാരനായ ലാലുവിന് ആരോഗ്യകാരണങ്ങളാല്‍ ജാര്‍ഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പുതിയ കേസ്.
അതേസമയം, റെയ്ഡ് നടക്കുമ്പോള്‍ ലാലു പ്രസാദും ഭാര്യയും വീട്ടിലില്ലെന്നും അവര്‍ ഡല്‍ഹിയിലാണെന്നും ആര്.ജെ.ഡി എം.എല്‍.എ ഡോ.മുകേഷ് റോഷന് പറഞ്ഞു. തേജസ്വി യാദവും സ്ഥലത്തില്ല. ലാലുവിനേയും തേജസ്വിയേയും ലക്ഷ്യമിട്ടാണ് റെയ്ഡുകള്‍. വരുടെ ജനകീയത ഭരിക്കുന്നവരെ ഭയപ്പെടുത്തുന്നുവെന്നും മുകേഷ് റോഷന് ആരോപിച്ചു.
പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിത്. അടിസ്ഥാനമില്ലാത്ത കേസുകളാണിവ. പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് അലോക് മേത്ത പറഞ്ഞൂ.






