
ന്യുഡല്‍ഹി: റോഡിലെ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റയാള്‍ മരിച്ച കേസില്‍ കീഴടുങ്ങുന്നതിന് സാവകാശം തേടി പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു. ആരോഗ്യപരമായ കാരണങ്ങളാല്‍ കീഴടങ്ങാന്‍ സാവകാശം നല്‍കണമെന്നാണ് സിദ്ദു സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ശിക്ഷ വിധിച്ചത് പ്രത്യേക ബെഞ്ച് ആയതിനാല്‍ ഹര്‍ജി ചീഫ് ജസ്റ്റീസിനു മുമ്പാകെ സമര്‍പ്പിക്കാന്‍ ഹര്‍ജി എത്തിയ ബെഞ്ച് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റീസ് ഇന്ന് വീണ്ടും പ്രത്യേക ബെഞ്ച് സ്ഥാപിച്ചാല്‍ ഹര്‍ജി പരിഗണിക്കാം. ബെഞ്ച് ലഭ്യമായില്ലെങ്കില്‍ സ്ഥാപിക്കുന്നത് വരെ കാത്തിരിക്കണം. കേസ് പരിഗണിച്ചത് പ്രത്യേക ബെഞ്ച് ആയിരുന്നുവെന്നതും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ വിഷയം ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് സിദ്ദുവിന്റെ അഭിഭാഷകന് അറിയിച്ചു.
1988ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡിലുണ്ടായ തര്‍ക്കത്തിനിടെ തലയ്ക്ക് അടിയേറ്റ വയോധികന് മരണമടയുകയായിരുന്നു. കേസില്‍ വിചാരണ കോടതി സിദ്ദുവിന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു. ഇത് ഹൈക്കോടതിയും ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സിദ്ദു സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷ 1000 രൂപ പിഴയില്‍ ഒതുക്കി. ഇതിനെതിരെ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയിലാണ് ഇന്നലെ കോടതി ഒരുവര്‍ഷം കഠിന തടവ് വിധിച്ചത്. കോടതിക്കു മുന്‍പാകെ കീഴടങ്ങാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.






