
ചെറുതോണി: നടന് ജോജു ജോര്‍ജ് ഇന്നു ഇടുക്കി ആര്.ടി.ഒ. ഓഫീസില്‍ ഹാജരാകില്ല. ഷൂട്ടിങ് തിരക്കുമൂലം ഒരാഴ്ചത്തെ സാവകാശം കൂടി ആവശ്യപ്പെട്ടതായി ആര്.ടി.ഒ. അറിയിച്ചു. വാഗമണ്ണില്‍ നടന്ന ഓഫ് റോഡ് റെയിസില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന പരാതിയില്‍ ചലച്ചിത്ര നടന് ജോജു ജോര്‍ജിനെതിരേ ഇടുക്കി ആര്.ടി.ഒ. കഴിഞ്ഞ 10-നു ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിനു നല്കിയ പരാതിയെ തുടര്‍ന്നാണു നടപടി. ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചയായി അപകടമുണ്ടാകുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് ഇടുക്കിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതു ലംഘിച്ചതിനാണ് ആര്.ടി.ഒ. നോട്ടീസ് നല്‍കിയത്. ജോജു ജോര്‍ജ് സാവകാശം ചോദിച്ചതിനെത്തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ വീണ്ടും ഒരാഴ്ചത്തെ സാവകാശം ചോദിച്ചിരിക്കുകയാണ്. അടുത്ത അവധിക്കു വാഹനത്തിന്റെ രേഖകള്‍ സഹിതം ഇടുക്കി ആര്.ടി.ഒ.ഓഫീസില്‍ ഹാജരാകണം. കുറ്റക്കാരനാണന്നു തെളിഞ്ഞാല്‍ പിഴയടച്ച് കേസില്‍ നിന്നൊഴിവാകാം. ഗുരുതരമായ കുറ്റകൃത്യമാണു നടന്നതെങ്കില്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ആര്.ടി.ഒ അറിയിച്ചു.






