
ന്യുഡല്‍ഹി: പതിനാറാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനമായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാര്‍ ആണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15ന് പുറപ്പെടുവിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീരയതി ജൂണ്‍ 29. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ജൂണ്‍ 30ന് പൂര്‍ത്തിയാക്കും. ജൂലായ് രണ്ട് വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. ജൂലായ് 18നാണ് വോട്ടെടുപ്പ്. ജൂലായ് 21ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്തും. 25ന് പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
തിരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്കാന് പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ ആയിരിക്കും മുഖ്യ വരണാധികാരി. തിരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന പേന ഉപയോഗിച്ച് വേണം രേഖപ്പെടുത്താന്‍. അല്ലാത്തപക്ഷം വോട്ട് അസാധുവാകും.
ഇലക്ടറല്‍ കോളജ് അംഗങ്ങളാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. പാര്‍ലമെന്റിലെ ഇരുസഭകളിലെയും ദേശീയ തലസ്ഥാനമായ ഡല്‍ഹി, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി എന്നിവ ഉള്‍പ്പെടെ സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധകളും ചേര്‍ന്നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ ഇലക്ടറല്‍ കോളജില്‍ ഉള്‍പ്പെടില്ല.
4033 എം.എല്‍.എമാരാടക്കം 4809 വോട്ടര്‍മാരാണ് രാജ്യത്ത് ആകെയുള്ളത്. 10,86,431 ആണ് ഇവരുടെ വോട്ട് മൂല്യം. വിജയിക്കാന്‍ വേണ്ടത് 5,43,200 വോട്ട് മൂല്യമാണ്.
നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലായ് 24ന് അവസാനിക്കും.
നിലവില്‍ ഭരണകക്ഷിയായ എന്‍.ഡി.എയ്ക്ക് ഒറ്റയ്ക്ക് വിജയിക്കാനുള്ള വോട്ട് മൂല്യമില്ല. 900ലേറെ വോട്ട് മൂലത്തിന്റെ കുറവ് എന്‍ഡിഎയ്ക്കുണ്ട്. അതുകൊണ്ടുതന്നെ വൈ.എസ്.ആര് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ വോട്ട് കൂടി സ്വീകരിക്കാനുള്ള ശ്രമം ബി.ജെ.പി തുടങ്ങിയിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷം പൊതുസമ്മതനെ പരീക്ഷിച്ചേക്കുമെന്നു സൂചനയുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധ്യത കുറവാണ്.






