ന്യുഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നിരയില്‍ തുടക്കത്തിലെ കല്ലുകടി. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് വിളിച്ച യോഗത്തില്‍ ടിആര്‍എസും എഎപിയും പങ്കെടുക്കില്ല. എന്‍ഡിഎയ്ക്കെതിരെ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് മമതയുടെ ലക്ഷ്യം.
ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മമത ബാനര്‍ജി 22 പ്രതിപക്ഷ കക്ഷികള്‍ക്ക് കത്തയച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്‍.സി.പി, എസ്.പി, ആര്.ജെ.ഡി, എന്‍.സി, സിപിഎം, സിപിഐ, ജെ.എം.എം, ശിവസേന, മുസ്ലീംലീഗ്, പിഡിപി, ജെഡിഎസ്, ആര്.ജെ.ഡി എന്നീ കക്ഷികളും മമതയുടെ കത്തിനോട് അനുകൂല പ്രതികരണമാണ് നടത്തിയത്.
അതേസമയം, ആം ആദ്മി പാര്‍ട്ടി, ടിആര്‍എസ്, ബിജെഡി എന്നീ കക്ഷികള്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സാധ്യത. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ക്ഷണക്കത്ത് നല്‍കിയിട്ടില്ല.
എഎപി നേതാവ് അരവിന്ദ് കെജ്രിവാള് പഞ്ചാബിലായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് എഎപിയുടെ വിശദീകരണം. സ്ഥാനാര്‍ത്ഥി നിര്ണായത്തിനു ശേഷം മാത്രമേ നിലപാട് വ്യക്തമാക്കൂവെന്ന് എഎപി അറിയിച്ചു.






