
ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ആടുജീവിതം’ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് വിശേഷങ്ങള്‍ ഇടയ്ക്കിടെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കോവിഡ് പ്രതിസന്ധി കാരണം നിര്‍ത്തി വച്ചിരിക്കുകയായിരുന്ന ഷൂട്ടിംഗ് പിന്നീട് തുടങ്ങിയതും താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ആടുജീവിതം സിനിമയുടെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായ സന്തോഷം താരം തന്നെ ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. ‘#Aadujeevitham വിദേശ ഷെഡ്യൂൾ കഴിഞ്ഞു! വീട്ടിലേക്ക് വരുന്നു! എന്തൊരു യാത്ര! ’ എന്ന ക്യാപ്ഷനോടു കൂടി ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. നീണ്ട മൂന്നുമാസത്തെ ചിത്രീകരണത്തിനാണ് ഇന്നലെ അവസാനമായത്. മാര്‍ച്ച് പതിനാറിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജോര്‍ദ്ദാനില്‍ തുടങ്ങിയിരുന്നു. പിന്നീട് കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെട്ടു. അതിനു ശേഷം ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്‍പ്പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്.
ജോര്‍ദ്ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എ.ആര് റഹ്മാന് ജോര്‍ദാനിലെ ആടുജീവിതം ലൊക്കേഷനില്‍ സന്ദര്‍ശനം നടത്തിയ കാര്യം പൃഥ്വിരാജ് അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. ഓസ്കാര്‍ പുരസ്കാര ജേതാവായ എ.ആര് റഹ്മാന് നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ആടുജീവിതം.
സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തില്‍ പൃഥ്വി തുറന്നു പറഞ്ഞിരുന്നു. ഡാഡയെ കാണാന്‍ അല്ലുമോള് എത്തിയ വിശേഷവും പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയയും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. അച്ഛന്റെ തോളിലിരുന്ന് ജോര്‍ദ്ദാനിലെ കാഴ്ചകള്‍ കാണുന്ന അലംകൃതയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.





