കൊച്ചി: ക്വിയര്‍ വിദ്യാര്‍ത്ഥിയായതുകൊണ്ട് കോളേജിലെ അധ്യാപകരില്‍ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ബി എഡ് വിദ്യാര്‍ത്ഥിയായ ആദി. വസ്ത്രധാരണത്തിന്റെ പേരില്‍ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും പ്രിവിലേജ്ഡായ ഒരു കൂട്ടത്തിന് മുന്നില്‍ കുറ്റവാളിയെ പോലെ നില്‍ക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്നും തനിക്ക് ക്ലാസ് മുറിയില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ആദി ഫേസ്ബുക്ക് കുറിപ്പിലൂടെ ആശങ്ക പങ്കുവെച്ചു.
കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ വിദ്യാര്‍ത്ഥിയായ ആദി ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഹാഫ് പാന്റ്സും ഹുഡീസും ധരിച്ച് കോളേജില്‍ എത്തിയതാണ് വസ്ത്ര ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. കോളേജില്‍ തനിക്ക് പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ആദി പറയുന്നു.
കുറിപ്പിന്റെ പൂറണരൂപം,
ഈ ബി.എഡ്.കോഴ്സ് കംബ്ലീറ്റാക്കാൻ കഴിയാത്ത വിധം എന്റെ മാനസികാരോഗ്യം നശിച്ചാലും ഞാൻ ഏതെങ്കിലും വിധത്തിൽ എന്നെ ശാരീരികമായി ദ്രോഹിച്ചാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്തവും ഞാൻ പഠിക്കുന്ന സ്ഥാപനത്തിലെ എനിക്കെതിരെ പരസ്യമായി നിലപാടെടുത്ത അധ്യാ‘പക’ർക്കായിരിക്കും. ഇത് കോളേജിലെ എല്ലാ അധ്യാപകരെയും അടച്ചാക്ഷേപിക്കാനല്ല. മറിച്ച് കഴിഞ്ഞ ദിവസങ്ങളിലായി കോളേജിൽ നടക്കുന്ന സംഭവങ്ങളിൽ മനം മടുത്ത് എഴുതുന്നതാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഒട്ടും ഗുണപരമല്ലാത്ത ഒരു ചർച്ചയുടെ ഭാഗമായി എന്റെ ജീവിതം മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതേ മട്ടിൽ ഈ ചർച്ചയെ മുന്നോട്ട് കൊണ്ടുപോകാൻ എനിക്കൊരു താൽപ്പര്യവുമില്ല. സാധ്യമായ എല്ലാ വിധ ഇടപെടലുകളും നടത്താൻ ശ്രമിച്ചെങ്കിലും പ്രശ്നം വലുതായിക്കൊണ്ടിരിക്കുകയാണ്. ക്ലാസ്സ് മുറിയിലിരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
ഇത് വ്യക്തിപരമായി ചില അധ്യാപകർ ക്കുള്ള പ്രശ്നമല്ല,ഒരു മനോഭാവത്തിന്റെ പ്രശ്നമാണ്. എന്നെ പോലെയുള്ള മനുഷ്യർ ഇത്തരത്തിലുള്ള സ്പേസുകളിലൊന്നും ഇരിക്കാൻ പാടില്ലെന്ന ഒരു തരം ധാർഷ്ട്യമാണ് പലർക്കുമുള്ളതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ലോകത്തെ മുഴുവൻ ശെരിയാക്കിക്കളയാമെന്ന തെറ്റിധാരണയൊന്നും എനിക്കില്ല,അതെന്റെ പണിയല്ല. പക്ഷേ, ഒരു മനുഷ്യൻ എന്ന നിലയിൽ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമെനിക്കുണ്ട്. ആ അവകാശങ്ങളും എന്റെ സ്വകാര്യതയുമെല്ലാം വലിയ തോതിൽ പരസ്യമായി തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ് എനിക്ക് ചുറ്റും നടക്കുന്നത്.
എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ഞാൻ കോളേജിലേക്ക് ഹാഫ്പാന്റ്സും ഹുഡീസുമിട്ടാണ് ചെന്നത്. ഒരു ക്വിയർ വിദ്യാർത്ഥിയെന്ന നിലയിൽ എനിക്ക് ഏറ്റവും സൗകര്യപ്രദമായ വസ്ത്രമാണത്. ബി.എഡി.ന് ജോയിൻ ചെയ്ത കാലം മുതൽ ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി മുന്നേ തന്നെ എഴുതിയതാണ്. പല തരത്തിലും ആ പ്രശ്നങ്ങളെയെല്ലാം സർവൈവ് ചെയ്ത് മുന്നോട്ടുപോകുമ്പോഴാണ് അനാവശ്യമായ,ഒരു തരത്തിലും ഗുണപരമല്ലാത്ത ഈ വസ്ത്ര ചർച്ചയിലേക്കെന്നെ അധ്യാപകർ വലിച്ചിട്ടിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ഇതേ ചർച്ചയാണ് പല രീതിയിൽ ക്ലാസ് റൂമിലുൾപ്പടെ നടന്നുകൊണ്ടിരിക്കുന്നത്. ക്ലാസിലെ വിദ്യാർത്ഥികൾക്കിടയിൽ ആശയപരമായ വലിയ പിളർപ്പുണ്ടാക്കാൻ പോലും ഈ ചർച്ചയ്ക്ക് സാധിച്ചു.
കുറെ കാലങ്ങളായി, ക്ലാസിലെ പല വിദ്യാർത്ഥികളും വസ്ത്രത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്നുണ്ട്. പക്ഷേ ഈ കുട്ടികളാരും മിണ്ടില്ല. എനിക്കെന്തായാലും മിണ്ടാതെയിരിക്കാൻ വയ്യ.
കുറച്ച് ദിവസങ്ങളായി ഒരു വിചിത്രജീവി കണക്കാണ് ഇവിടെ എല്ലാവരും എന്നെ നോക്കിക്കാണുന്നത്. ഇതേ പോലെ മുന്നോട്ട് പോകാനെനിക്ക് വയ്യ.
പുറമെ ജെൻഡർ ന്യൂട്രൽ ചർച്ചയും മറ്റും നടക്കുമ്പോഴാണ് ഒരു വിദ്യാർത്ഥിയായ ഞാനീ പ്രശ്നങ്ങളിലൂടെയെല്ലാം കടന്നുപോകുന്നത്. ഇതൊന്നും പരിഹരിക്കപ്പെടുമെന്നൊന്നും എനിക്ക് തോന്നുന്നില്ല. എനിക്ക് പലതും നഷ്ടമായേക്കും. ഏതേലും മനുഷ്യർ കൂടെ നിൽക്കുമോന്ന് പോലും അറിയില്ല. പക്ഷേ ഒരു കുറ്റവാളിയെ പോലെ ഇവരുടെ മുമ്പിൽ നിൽക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും പ്രിവിലേജ്ഡായ ഒരു കൂട്ടം മനുഷ്യരാണ് ഇവരെല്ലാം. ഇവരോട് യുദ്ധം ചെയ്യാനൊന്നുമുള്ള സമയമോ,ഊർജ്ജമോ എനിക്കില്ല. ഞാൻ വളരെയേറെ എക്സ്ഹോസ്റ്റഡാണ്. ഇതേ പോലെ മുന്നോട്ട് പോകാൻ എനിക്ക് വയ്യ. അത്രയധികം മനസ്സ് മടുത്തുകഴിഞ്ഞിട്ടുണ്ട്.
ഇങ്ങനെയൊരു കുറിപ്പ് പബ്ലിക്കായി എഴുതിയിടരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇനി വയ്യ. ഇന്ന് ക്ലാസ്സ് മുറിയിൽ വെച്ച്,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ വെച്ച് പരസ്യമായി മൈക്കിലൂടെ ഒരു വിദ്യാർത്ഥി എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയുണ്ടായി. ക്ലാസ്സ് മുറിയിൽ നിന്ന് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു തരത്തിലും ഈ കുറിപ്പ് എഴുതാതിരിക്കാനാകുന്നില്ല.






