ഹോളിവുഡിന്റെ സൂപ്പര്‍താരം ബ്രാഡ് പിറ്റിന്റെ രോഗാവസ്ഥയും അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകളുമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. അമേരിക്കയിലെ ഫാഷന്‍ മാഗസിന് ആയ ജിക്യൂവിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. പ്രോസോപാഗ്നോസിയ അഥവാ ഫെയ്സ് ബ്ലൈന്‍ഡ്നെസ്സ് (Prosopagnosia or Face Blindness ) എന്നാണ് അദ്ദേഹത്തെ ബാധിച്ച രോഗാവസ്ഥയുടെ പേര്.
തലച്ചോറിനെയാണ് ഈ രോഗം ബാധിക്കുന്നത്. അപൂര്‍വമായ രോഗമായൊന്നും നിലവില്‍ ഇത് കണക്കാക്കപ്പെടുന്നില്ല. എങ്കിലും അത്ര സാധാരണമല്ലാത്തൊരു അവസ്ഥയായതിനാല്‍ തന്നെ ഇതുമായി ജീവിക്കുകയെന്നത് അല്പം ദുഷ്കരമാണ്. ആളുകളുടെ മുഖം മറന്നുപോകുന്ന അവസ്ഥ, അല്ലെങ്കില്‍ തിരിച്ചറിയാന്‍ സാധിക്കാതിരിക്കുന്ന അവസ്ഥയാണിത്. ചിലപ്പോള്‍ വളരെ അടുപ്പമുള്ളവരുടെ മുഖം പോലും മറന്നുപോകാം. ഒരിക്കല്‍ കണ്ട് പരിചയപ്പെട്ടവരുടെ മുഖം, നേരത്തേ പരിചയമുണ്ടായിരുന്നവരുടെ മുഖം എല്ലാം ഇത്തരത്തില്‍ തിരിച്ചറിയപ്പെടാതെ പോകാം. എന്നാല്‍ തച്ചോറിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യും.
പാര്‍ട്ടികളിലോ മറ്റ് പൊതുപരിപാടികളിലോ തനിക്ക് പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്നും പലപ്പോഴും ആളുകള്‍ തനിക്ക് അഹങ്കാരമാണെന്ന് ചിന്തിച്ച് തന്നെ തള്ളിപ്പറയുകയാണ് ചെയ്യുന്നതെന്നും ബ്രാഡ് പിറ്റ് അഭിമുഖത്തില്‍ പറയുന്നു. ചിലര്‍ക്കിത് ജന്മനാ തന്നെ പിടിപെടാറുണ്ട്. മറ്റുള്ളവരിലാണെങ്കില് തലച്ചോറിനേല്‍ക്കുന്ന ക്ഷതം, ആഘാതം എന്നിവയെല്ലാം രോഗത്തിലേക്ക് നയിക്കാം. തന്റെ രോഗാവസ്ഥയെ പറ്റി പറയുമ്പോള്‍ ആരും വിശ്വസിക്കുന്നില്ല എന്നാണ് ബ്രാഡ് പിറ്റ് പറയുന്നത്. നിത്യജീവിതത്തില്‍ ഈ രോഗം വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ഇതേ രോഗത്തോട് മല്ലിടുന്ന ഒരാളെയെങ്കിലും കാണുകയോ സംസാരിക്കുകയോ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ബ്രാഡ് പിറ്റ് പറയുന്നു.
ഈ രോഗം ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ സാധിക്കുന്നതല്ല. പ്രായം കൂടുംതോറും ഇത് കൂടുതല്‍ സങ്കീര്‍ണമായും വരാം. രോഗത്തെ കൈകാര്യം ചെയ്യാനുള്ള പരിശീലനം തേടലാണ് പ്രധാനം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താന്‍ വിഷാദരോഗം നേരിടുന്നുവെന്ന് നേരത്തെ തന്നെ ബ്രാഡ് പിറ്റ് അറിയിച്ചിരുന്നു.






