
മുംബൈ: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്കിയ പീഡനക്കേസ് ഒത്തുതീർക്കല്‍ അപേക്ഷയിൽ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇരുവരും 13നു മറുപടി നൽകണം. യുവതിക്കു ജനിച്ച കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ ഇരുവരുടെയും മറുപടി വിലയിരുത്തിയശേഷമാകും കോടതിയുടെ അന്തിമതീരുമാനം.
എന്നാല്‍ യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയതെന്നുമാണ് ബിനോയി ഇപ്പോള്‍ പറയുന്നത്. കുട്ടിയുടെ ഭാവിയെക്കരുതി കേസ് ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ കുറെ നാളായി യുവതിക്ക് താല്പര്യമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പ്രശ്നപരിഹാരത്തിന് ശ്രമിച്ചത്. എന്നാല്‍ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ഇപ്പോള്‍ പുറത്തുപറയാനാകില്ലെന്നും അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും ബിനീഷ് പ്രതികരിച്ചു.
കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം ബോംബെ ഹൈക്കോടതി തടഞ്ഞിരുന്നു. യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയിയാണെന്ന് അംഗീകരിച്ചാണു കേസ് ഒത്തുതീര്‍പ്പാക്കാനുള്ള കരാര്‍രേഖ (കണ്‍സെന്റ് ടേംസ്) കോടതിയില്‍ നല്‍കിയത്. എന്നാല്‍, ഇതു ക്രിമിനല്‍ കേസാണെന്നും ഒത്തുതീര്ക്കാനാവില്ലെന്നും ജസ്റ്റിസുമാരായ നിതിന്‍ ജാംദാര്‍, എന്‍.ആര്. ബോര്‍ക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
മകന്റെ ഭാവി പരിഗണിച്ചാണു കേസ് ഒത്തുതീര്പ്പാക്കുന്നതെന്നു വ്യക്തമാക്കുന്ന കരാറാണു ബിനോയിയും ബിഹാര്‍ സ്വദേശിനിയും ഒപ്പിട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, ഹര്‍ജി പരിഗണിക്കവേ, വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും പരസ്പരവിരുദ്ധനിലപാട് സ്വീകരിച്ചതും ഒത്തുതീര്‍പ്പ് നീക്കത്തിനു തടസമായി. കുട്ടിയുടെ പിതൃത്വം ബിനോയ് സമ്മതിച്ച സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാവുന്നതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇരുവരും വിവാഹിതരാണോയെന്ന് ഈ ഘട്ടത്തില്‍ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ചോദിച്ചു. അല്ലെന്നായിരുന്നു ബിനോയിയുടെ അഭിഭാഷകന്റെ മറുപടി.
എന്നാല്‍, വിവാഹിതരാണെന്നു യുവതിയുടെ അഭിഭാഷകന് വാദിച്ചു. ഇതോടെ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.ആര്. ഷിന്ഡേയോടു കോടതി വിശദീകരണം തേടി. ഇരുവരും വിവാഹിതരായിട്ടുണ്ടെന്നായിരുന്നു മറുപടി. പീഡനം സംബന്ധിച്ച ക്രിമിനല്‍ കേസ് ഒത്തുതീര്പ്പാക്കാനാവില്ലെന്നും വിവാഹത്തര്‍ക്കം മറ്റൊരു കേസായതിനാല്‍ അതു പരിഹരിച്ചുവരാനും കോടതി നിര്‍ദേശിച്ചു.
മൂന്നുവര്‍ഷം മുമ്പാണു തന്റെ മകന്റെ പിതാവ് ബിനോയിയാണെന്നു വെളിപ്പെടുത്തി യുവതി രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തത്. കുട്ടിയുടെ പിതൃത്വം അംഗീകരിക്കാതിരുന്ന ബിനോയിയാകട്ടെ ഇതു കള്ളക്കേസാണെന്ന നിലപാടിലായിരുന്നു. പിന്നീട്, യുവതിയുടെ ആവശ്യപ്രകാരം ബിനോയ് ഡി.എന്‍.എ. പരിശോധനയ്ക്കു വിധേയനായി. പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നിരിക്കേയാണു കുട്ടിയുടെ പിതൃത്വം സമ്മതിച്ച് ബിനോയ് ഒത്തുതീര്‍പ്പ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ബിനോയിക്കെതിരേ യുവതിയുടെ പരാതിയും ലഹരിക്കടത്ത് കേസില്‍ മറ്റൊരു മകന് ബിനീഷ് ഉള്‍പ്പെട്ടതും കോടിയേരിയെ രാഷ്ട്രീയപ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന്, സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനിന്ന കോടിയേരി അടുത്തിടെയാണു ചുമതലയില്‍ തിരിച്ചെത്തിയത്.






