ന്യുഡല്‍ഹി: 2017ലെ കോടതിയലക്ഷ കേസില്‍ മദ്യരാജാവ് വിജയ് മല്യയ്ക്ക് നാല് മാസം തടവും 2,000 രൂപ പിഴയും. സുപ്രീം കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് ലംഘിച്ച് മക്കളുടെ പേരില്‍ 4 കോടി ഡോളര്‍ വകമാറ്റിയെന്ന കേസിലാണ് ശിക്ഷ.
വിദേശത്തുള്ള ഡിയാഗോ കമ്പനിയില്‍ നിന്ന് ലഭിച്ച പണം മക്കളുടെ പേരിലേക്ക മാറ്റിയത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കോടതിയെ സമീപിച്ചത്. മക്കളായ സിദ്ധാര്‍ത്ഥ് മല്യ, ലിയാന മല്യ, ടാനിയ മല്യ എന്നിവരുടെ പേരിലാണ് പണം വകമാറ്റിയത്.
കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ ബാങ്കുകളില്‍ നിന്നെടുത്ത 9,000 കോടിയിലേറെ രൂപയുടെ വായ്പ തട്ടിപ്പിനു ശേഷം രാജ്യം വിട്ട മല്യ നിലവില്‍ ലണ്ടനിലാണ്. മല്യയുടെ സ്വത്തിന്റെ കൈമാറ്റം തടഞ്ഞുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേയാണ് മല്യ പണം മക്കളുടെ പേരിലേക്ക് മാറ്റിയത്.






