കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രജപക്സെ രാജ്യം വിട്ടു. ഇന്ന് രാജിവയ്ക്കുമെന്ന് അഭ്യൂഹം പരന്നിരിക്കേയാണ് അദ്ദേഹം സൈനിക ഹെലികോപ്ടറില്‍ ഇന്നലെ രാത്രി മാലിദ്വീപിലേക്ക് കടന്നത്. മാലെയിലെ വെലന വിമാനത്താവളത്തില്‍ മാലിദ്വീപ് സര്‍ക്കാര്‍ പ്രതിനിധി ഗോട്ടബായയെ സ്വീകരിച്ചു.
കൊളംബോ രാജ്യാന്തര വിമാനത്താവളം വഴി ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഗോട്ടബായ ലങ്കയില്‍ നിന്നും കടന്നത്. അംഗരക്ഷകരും സംഘത്തിലുണ്ട്. ഇളയ സഹോദരന് ബേസില്‍ രജപക്സെയും രാജ്യം വിട്ടതായി സൂചനയുണ്ട്. ഇന്നലെ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ബേസിലിനെ ജനക്കൂട്ടം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു.
മാലെയില്‍ എത്തിയ സംഘം പോലീസ് സുരക്ഷയില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി മാെല വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
അതേസമയം, ഗോട്ടബായയേയും കുടുംബത്തേയും രക്ഷപ്പെടാന്‍ ഇന്ത്യ സഹായിച്ചിട്ടില്ലെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് വ്യക്തമാക്കി. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ഊഹാപോഹങ്ങളുമാണ്. ശ്രീലങ്കന്‍ ജനതയ്ക്കുള്ള പിന്തുണ ഇന്ത്യ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് എന്ന നിലയില്‍ അറസ്റ്റില്‍ നിന്നുള്ള പരിരക്ഷയുള്ള ഗോട്ടബായ സ്ഥാനം രാജിവയ്ക്കാതെ രാജ്യം വിട്ടതും അറസ്റ്റ് ഒഴിവാക്കാനാണെന്നാണ് സൂചന. ഇന്ന് സ്ഥാനം രാജിവച്ച് പുതിയ സര്‍വകക്ഷി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും ജൂലായ് 20ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന പക്ഷം രാജിവയ്ക്കുമെന്ന് പ്രധാനമന്ത്രി വിക്രമെസിന്ഹെയും വ്യക്തമാക്കിയിരുന്നു.






