തിരുവനന്തപുരം: കുളച്ചല്‍ തീരത്ത് അടിഞ്ഞ മൃതദേഹം ആഴിമലയില്‍ നിന്ന് കാണാതായ കിരണിന്റേത് ആണെന്ന് അച്ഛന്. കിരണ്‍ ആത്മഹത്യ ചെയ്തതല്ലെന്നും അപായപ്പെടുത്തിയതാണെന്നും അച്ഛന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പോലീസ് കണ്ടെത്തണം. പ്രതിയെന്ന് പറഞ്ഞ് ഒരാളെ സ്റ്റേഷനില്‍ യഥാര്‍ത്ഥ പ്രതികളെ പിടിക്കണം. കുളച്ചലില്‍ മൃതദേഹം കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളം പേടിയുള്ള കിരണ്‍ കടലില്‍ ചാടില്ല. കിരണിന്റെ കയ്യില്‍ വെട്ടുകാട് പള്ളിയില്‍ നിന്ന കെട്ടിയ വെളുത്ത ചരട് ഉണ്ട്. അത് മൃതദേഹത്തിലുമുണ്ട്. കൈവിരലും കാല്‍വിരലും പരിശോധിച്ചപ്പോള്‍ കിരണ്‍ തന്നെയാണെന്ന് ഉറപ്പാണെന്ന് പിതാവും സഹോദരനും അറിയിച്ചു.
അതേസമയം, മൃതദേഹം പ്രഥമദൃഷ്ട്യ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വിഴിഞ്ഞം പോലീസ് വ്യക്തമാക്കി. ഡിഎന്‍എ പരിശോധന നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. കുളച്ചല്‍ പോലീസ് ഇതിനുള്ള നടപടികള്‍ തുടങ്ങിയതായും പോലീസ് അറിയിച്ചു. ഇതേപ്രായത്തിലുള്ള മറ്റൊരു യുവാവിനെ കൂടെ കാണാതായതായി പരാതിയുണ്ട്.
ഇന്നു രാവിലെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം അടിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് സുഹൃത്തിനൊപ്പം ആഴിമലയില്‍ കിരണ്‍ എത്തിയത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാനായിരുന്നു സന്ദര്‍ശനം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കിരണിനെ ബൈക്കില്‍ കയറ്റിപ്പോയി എന്ന് സുഹൃത്ത് അറിയിച്ചിരുന്നു. കിരണ്‍ ഓടിപ്പോയി എന്ന് പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവ് അറിയിച്ചതായും സുഹൃത്ത് പറഞ്ഞിരുന്നു. കിരണ്‍ കടലിന്റെ ഭാഗത്തേക്ക് ഓടിപ്പോകുന്ന സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു. കിരണിനെ കാണാതായ സമയത്ത് ഒരാള്‍ കടലില്‍ ചാടുന്നത് കണ്ടുവെന്ന് ആഴിമല ക്ഷേത്രപരിസരത്തുണ്ടായിരുന്നവരും പോലീസിനെ അറിയിച്ചിരുന്നു. കടലിലെ പാറക്കെട്ടിന് സമീപത്തുനിന്ന് കിരണിന്റേത് എന്ന് കരുതുന്ന ഒരു ചെരുപ്പും കിട്ടിയിരുന്നു. കിരണിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ബൈക്കും കാറും പോലീസ് പിടിച്ചെടുത്തിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരന് ഹരി, സഹോദരി ഭര്‍ത്താവ് രാജേഷ് എന്നിവരടക്കം മൂന്നു പേരെ പോലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. കിരണിനെ കാണാതായതിനു പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു.






