തിരുവനന്തപുരം: കെ.കെ രമയ്ക്കെതിരെ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് എം.എം മണി.
വിധവയല്ലേ എന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. വിധവയായത് അവരുടെ വിധി എന്ന് താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല.
അവര്‍ക്ക് വേദനയുണ്ടായാല്‍ ഞാനെന്ത് വേണം. ഞാന്‍ കാരണമാണോ? കഴിഞ്ഞ ഒരു വര്‍ഷവും നാലു മാസവുമായി അവര്‍ നിയമസഭയില്‍ നിരന്തരം മുഖ്യമന്ത്രിയെ വേട്ടയാടുന്നു. മുഖ്യമന്ത്രി കൊലയാളിയാണെന്ന് പോലും പറഞ്ഞിട്ടുണ്ട്. യുഡി.എഫ് അതിനുള്ള അവസരം അവര്‍ക്ക് നല്കുന്നു. അവര്‍ക്ക് വേദനിച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ കാര്യമാണ്.
ഞാന്‍ അവരെ മഹതി എന്നാണ് വിളിച്ചത്. അവര്‍ വിധവയല്ലേ എന്ന് പ്രതിപക്ഷത്തുനിന്ന് ആരോ ആണ് ചോദിച്ചത്. അത് അവരുടെ വിധിയാണെന്ന് താന്‍ പറഞ്ഞു. അവരെ വേദനിപ്പിക്കണമെന്ന് കണക്കുകൂടി പറഞ്ഞതൊന്നുമല്ല. നാക്കില്‍ അങ്ങനെ വന്നു, അത് താന്‍ പറഞ്ഞു. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല.- എം.എം മണി പറഞ്ഞു.
മണി പറഞ്ഞതില്‍ തെറ്റില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും പ്രതികരിച്ചു. പ്രതിപക്ഷത്തിന് നേരത്തെ പോകേണ്ട ആവശ്യമുള്ളതിനാലാണ് നിയമസഭ തടസ്സപ്പെടുത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.





