ചെന്നൈ: അന്തരിച്ച നടന് പ്രതാപ് പോത്തന്റെ സംസ്കാരം നാളെ ചെന്നൈ ന്യൂ ആവഡി റോഡിലെ ശ്മശാനത്തില്‍ നടക്കും. രാവിലെ 10ക്ക് സംസ്കാരം നടത്താനാണ് നിലവില്‍ തീരുമാനിച്ചിരുന്നത്. കേരളത്തില്‍ നിന്ന് ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
പൂനമല്ലി റോഡിലെ മകള്‍ കേയയുടെ ഫ്ളാറ്റിലാണ് പ്രതാപ് പോത്തനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലായിരുന്നു മൃതദേഹം. ഉറക്കത്തില്‍ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം. രാവിലെ വീട്ടുജോലിക്കാരന് ചായയുമായി മുറിയിലെത്തുമ്പോള്‍ അദ്ദേഹം ചലനമറ്റ് കിടക്കുകയായിരുന്നു. ഹൃദയാഘാതമാണെന്ന് കരുതുന്നു. ഡോക്ടര്‍ ഫ്ളാറ്റിലെത്തിയാണ് മരണം സ്ഥിരീകരിച്ചത്. മുന്‍പ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വലിയ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധു അനില്‍ തോമസ് പറഞ്ഞു.
മൃതദേഹം ഫ്ളാറ്റില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ചെന്നൈയിലുള്ള മലയാള സിനിമ പ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഫ്ളാറ്റിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തന്റെ മൃതദേഹം ദഹിപ്പിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരമാണ് സംസ്കാര ചടങ്ങുകള്‍.
കുറച്ചുകാലമായി പ്രതാപ് പോത്തന് മകള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മരണസമയത്ത് ജീവിത പങ്കാളിയായിരുന്ന അമലയും മകള്‍ കേയയും ഫ്ളാറ്റിലുണ്ടായിരുന്നു. 1990ല്‍ അമലയെ വിവാഹം കഴിച്ച പ്രതാപ് പോത്തന് 2012ല്‍ അവരുമായുള്ള ബന്ധം ഒഴിഞ്ഞിരുന്നു.






