
തിരുവനന്തപുരം: കെ.കെ രമയ്ക്കെതിരെ നിയമസഭയില്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ല. ഒരു കമ്മ്യുണിസ്റ്റുകാരനായ താന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും മണി പറഞ്ഞു.
അതേസമയം, മണിയുടെ പരാമര്‍ശം അണ്‍പാര്‍ലമെന്ററിയായി കണ്ട് സഭയുടെ രേഖകളില്‍ നിന്ന് നീക്കുകയല്ല സ്പീക്കര്‍ ചെയ്തത്. അംഗം തന്നെ പരാമര്‍ശം പിന്‍വലിക്കുകയാണ് ഉചിതമെന്ന നിലപാടാണ് സ്പീക്കറെടുത്തത്. സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത 'അണ്‍പാര്‍ലമെന്ററി' വാക്ക് എന്ന പട്ടികയില്‍ ഉള്‍പ്പെടുന്നതല്ല മണിയുടെ പരാമര്‍ശം. ഈ സാഹചര്യത്തിലാണ് സ്വയം പിന്‍വലിക്കാന്‍ സ്പീക്കര്‍ റൂളിംഗ് നല്‍കിയത്.
ചില വാക്കുകള്‍ കാലത്തിന് അനുസരിച്ച് മാറും. പഴഞ്ചൊല്ലുകള്‍, പഴയ തമാശകള്‍ എന്നിവയൊന്നും ഇപ്പോള്‍ പ്രയോഗത്തിലില്ല. കാലത്തിന്റെ മാറ്റം ജനപ്രതിനിധികള്‍ അംഗീകരിക്കണം. നിറം, ലിംഗം എന്നിവ കണക്കിലെടുക്കണം. എം.എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ പരാമര്‍ശം അന്തര്‍ലീനമാണ്. അത് പുരോഗമനപരമായ നിലപാടുമായി ചേര്‍ന്നുപോകുന്നതല്ല. അത് അനുചിതമാണണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സഭയില്‍ തെറ്റായ പരാമര്‍ശം പിന്‍വലിച്ച അംഗങ്ങളുടെ ഉദാഹരണവും സ്പീക്കര്‍ എടുത്തുപറഞ്ഞു.
പരാമര്‍ശം പരിശോധിക്കുമെന്ന് ചെയര്‍ അറിയിച്ചത് പ്രതിപക്ഷ നേതാവ് അംഗീകരിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം സഭയ്ക്ക് പുറത്തിറങ്ങിയ സൗമ്യനും മാന്യനുമായ ഒരു നേതാവ് യാതൊരു പ്രകോപനവുമില്ലാതെ ചെയറിനെതിരെ സംസാരിച്ചു. അത് ശരിയാേണാ എന്ന് അംഗം തന്നെ പരിശോധിക്കണം. മണിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം അതിരു കടന്നു. അംഗങ്ങള്‍ സ്വയം വിലയിരുത്തണമെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറുടെ റൂളിംഗിന് ശേഷം സംസാരിച്ച എം.എം മണി, കഴിഞ്ഞ 14ന് താന്‍ നടത്തിയ പരാമര്‍ശത്തില്‍ സ്പീക്കറുടെ നിര്‍ദേശം പാലിക്കുന്നു. 'അത് വരുടേതായ വിധി' എന്ന് ഒരു കമ്മ്യുണിസ്റ്റുകാരനായ താന്‍ പറഞ്ഞത് പറയാന്‍ പാടില്ലായിരുന്നു. പിന്‍വലിക്കുകയാണെന്നും ആരെയൂം വേദനിപ്പിക്കാനും അപമാനിക്കാനും ഉദ്ദേശിച്ചില്ലെന്നും രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മണി പറഞ്ഞു.





