ന്യൂഡല്‍ഹി: 100 കോടി രൂപയ്ക്ക് ഗവര്‍ണര്‍ പദവിയും രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ച സംഘം സിബിഐയുടെ പിടിയില്‍. പണം കൈപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഏതാനും ആഴ്ചകളായി പ്രതി ഉള്‍പ്പെടുന്ന സംഘം തട്ടിപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ സമീപിച്ചവര്‍ സിബിഐയോട് പറഞ്ഞു.
നാല് പേര്‍ക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. ഇവര്‍ മഹാരാഷ്ട്ര സ്വദേശികളായ കര്‍മലാകര്‍ പ്രേംകുമാര്‍ ബന്ദഗര്, കര്‍ണാടക സ്വദേശി രവീന്ദ്ര വിത്തല്‍ നായിക്, ഡല്‍ഹി സ്വദേശികളായ മഹേന്ദ്ര പാല് അറോറ, അഭിഷേക് ബൂറ എന്നിവരാണെന്ന് സിബിഐ വ്യക്തമാക്കി.
രാജ്യസഭാ സീറ്റ്, ഗവര്‍ണര്‍ പദവി, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ചെയര്മാന് പദവി, മന്ത്രാലയങ്ങളിലും മറ്റും പദവികള്‍ എന്നിവ വാഗ്ദാനം ചെയ്ത് പ്രതികള്‍ വന്‍ തട്ടിപ്പിനാണ് പദ്ധതിയിട്ടതെന്ന് സിബിഐ പറയുന്നു. അഭിഷേക് ബൂറയും കര്‍മലാകര്‍ പ്രേംകുമാറുമാണ് ഇതിലെ മുഖ്യകണ്ണികള്‍. സര്‍ക്കാര്‍ തലങ്ങളിലുള്ള ഉന്നത ബന്ധങ്ങള്‍ ഇവര്‍ തട്ടിപ്പിന് ഉപയോഗിക്കുകയായിരുന്നു.
സിബിഐയിലെ മുതിര്‍ന്ന ഓഫീസറെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കര്മലാക്കര് ആളുകളെ സമീപിച്ചിരുന്നത്. മുഹമ്മദ് ഐജാസ് ഖാന് എന്നയാളുടെ സഹായവും ഇയാള്‍ക്ക് ലഭിച്ചിരുന്നു. മുതിര്‍ന്ന സിബിഐ ഓഫീസര്‍മാരോ രാഷ്ട്രീയ നേതാക്കളോ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും ഇരകളെ സമീപിച്ചിരുന്നതെന്ന് സിബി എഫ്ഐആറില്‍ പറയുന്നു.
കര്‍മാക്കര്‍ സിബിഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വേണ്ടപ്പെട്ടവര്‍ക്ക് ഒത്താശ നല്കാന് ചില പോലീസ് സ്റ്റേഷനുകളിലെത്തിയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.






