
ബംഗലൂരു: ദക്ഷിണ കന്നഡയിലെ സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ആറ് പേര് കൂടി കസ്റ്റഡിയിലായി. ഇതുവരെ പിടിയിലായവരുടെ എണ്ണം 21 ആയി. എല്ലാവരും എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
യുവമോര്‍ച്ച പ്രവര്ത്തകന് പ്രവീണ്‍ നെട്ടാര്‍ ചൊവ്വാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷന് ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ വെട്ടിയതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഏതാനും ദിവസം മുന്‍പ് കാസര്‍ഗോഡ് സ്വദേശിയായ 19കാരന് സുള്ള്യയില്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ പിടിയിലായവരെല്ലാം ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകരായിരുന്നു. ഈ കേസിന് പ്രവീണിന്റെ വധവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
പ്രവീണിന്റെ കൊലയെ തുടര്‍ന്ന് യുവമോര്‍ച്ചയില്‍ വലിയ കലാപമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബസവരാജ ബൊമ്മ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷ ചടങ്ങുകള്‍ റദ്ദാക്കി. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കാനിരുന്ന ദോഡ്ഡബല്ലാപുരിലെ വിപുലമായ പരിപാടിയാണ് റദ്ദാക്കിയത്.
യുവമോര്‍ച്ചയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയാണ്. സംസ്ഥാന നേതൃത്വത്തിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.






