കൊച്ചി: കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ ജില്ലാ കലക്ടര്‍ വൈകിയതില്‍ വ്യാപക വിമര്‍ശനം. ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് അടക്കം കലക്ടര്‍ അവധി പ്രഖ്യാപിച്ചത് രാവിലെ 8.25നാണ്. 9.10 ഓടെ അറിയിപ്പ് വീണ്ടും ഫെയ്സ്ബുക്ക് പേജില്‍ വന്നു.
'രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു'- കലക്ടര്‍ ഡോ രേണു രാജ് അറിയിച്ചു.
എന്നാല്‍, എറണാകുളത്ത മിക്കയിടത്തും രാവിലെ തന്നെ ക്ലാസുകള്‍ തുടങ്ങും. സിബിഎസ്ഇ സ്കൂളുകളില്‍ അടക്കം ക്ലാസുകള്‍ തുടങ്ങിയ ശേഷമാണ് കലക്ടറുടെ അറിയിപ്പ് വന്നത്. കനത്ത മഴ തുടരുന്നതിനാല്‍ ക്ലാസ് തുടര്‍ന്നുകൊണ്ടുപോകുന്നതിലും പല സ്കൂളുകളും ആശയക്കുഴപ്പത്തിലായി.
അതിനിടെ കലക്ടറുടെ ഫെയ്സ്ബുക്ക് പേജില്‍ വ്യാപക വിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്.






