ചാലക്കുടി: റെയില്‍വേ ട്രാക്കിലൂടെ നടക്കവേ തോട്ടില്‍ വീണ യുവതികളില്‍ ഒരാള്‍ മരിച്ചു. വി.ആര് പുരം സ്വദേശിനി ദേവീ കൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ (35)പരിക്കുകളോടെ ആശുപത്രിയിലാണ്.
രാവിലെ ജോലിക്ക് പോകാനായി എത്തിയ ഇവര്‍ റോഡില്‍ വെള്ളം നിറഞ്ഞതിനാല്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ ട്രാക്കില്‍ നിന്ന് മാറിനിന്നുവെങ്കിലും വേഗതയിലെത്തിയ ട്രെയിന്റെ ശക്തയില്‍ തെറിച്ച് പറയന് തോട്ടിലേക്ക് വീഴുകയായിരുന്നു. ചാറ്റല്‍മഴ ഉണ്ടായിരുന്നതിനാല്‍ ഇവര്‍ കുട ചൂടിയിരുന്നു. ട്രെയിന്‍ കുടയില്‍ തട്ടിയതാണോ അപകടകാരണമെന്നും വ്യക്തമല്ല.
ഫൗസിയ ഒഴുകിപ്പോയെങ്കിലും ദേവീ കൃഷ്ണ തോട്ടിലെ ഇരുമ്പുകുറ്റിയില്‍ അടിച്ച് ചെളിയില്‍ താഴ്ന്നുപോകുകയായിരുന്നു. ഫൗസിയയെ കരകയ്ക്കു കയറ്റിയ ശേഷം നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ചെളിയില്‍ നിന്നും ദേവീ കൃഷ്ണയെ പുറത്തെടുത്തത്.
ഇവരെ ഉടന്‍ തന്നെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്വാസകോശത്തില്‍ ചെളി നിറഞ്ഞതിനാല്‍ ദേവീകൃഷ്ണയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ചെരുപ്പ് കടയില്‍ ജോലിക്കാരിയായ ദേവീ കൃഷ്ണ മൂന്നു ദിവസം മുന്‍പാണ് ജോലിക്ക് പോയി തുടങ്ങിയതെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ ഷിബു വാലപ്പന് പറഞ്ഞു.






