ബറേലി: ദുബായില്‍ നടന്ന ഇന്ത്യ-പാകിസ്താന് എഷ്യാ കപ്പ് ടി20 മത്സരം കാണാന്‍ പാകിസ്താന് ജഴ്സി ധരിച്ചെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിന് ഭീഷണി. യുവാവിന്റെ കുടുംബത്തേയും ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ബറേലി സ്വദേശിയായ സന്യാം ജയ്സ്വാള്‍ (42) ആണ് മത്സരം കാണാന്‍ വേണ്ടി മാത്രം യുഎഇയില്‍ എത്തിയത്. സ്റ്റേഡിയത്തില്‍ നിന്ന് ഇന്ത്യന്‍ ജഴ്സി വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിറ്റുതീര്‍ന്നതിനാല്‍ ലഭിച്ചില്ല. അവിടെയുണ്ടായിരുന്ന പാകിസ്താന ജഴ്സി വാങ്ങി ധരിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിച്ചു. എന്നാല്‍ വീട്ടിലെത്തുമ്പോള്‍ കാത്തിരിക്കുന്ന ഭീഷണിയെകുറിച്ച് ആ സമയം ചിന്തിച്ചിരുന്നില്ലെന്ന് ജയ്സ്വാള്‍ പറയുന്നു.
ജയ്സ്വാള്‍ സ്റ്റേഡിയത്തില്‍ ആഹ്ളാദ പ്രകടനം നടത്തുന്ന വീഡിയോ വൈറലായിരുന്നു. 'പാകിസ്താനെ പിന്തുണയ്്ക്കുന്ന ഇന്ത്യക്കാരന്' എന്ന പേരിലായിരുന്നു വീഡിയോ. ഇതോടെ ജയ്സ്വാളിനും കുടുംബത്തിനും നേര്‍ക്ക് ഭീഷണി ഉയര്‍ന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റ് ബി.ജെ.പി നേതാക്കള്‍ക്കും ടാഗ് ചെയ്തുകൊണ്ട് ചിലര്‍ വീഡിയോ ഷെയര്‍ ചെയ്തു. ജയ്സ്വാളിനെതിരെ കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ബറേലിയില്‍ മദ്യവ്യാപാരവും റിയയല് എസ്റ്റേറ്റ് ബിസിനസും നടത്തുകയാണ് ജയ്സ്വാളഹിന്റെ കുടുംബം. വീട്ടില്‍ നിന്ന് ആശങ്ക അറിയിച്ചുള്ള ഫോണ്‍വിളി വന്നപ്പോഴാണ് കളി കാര്യമായത് ജയ്സ്വാള്‍ മനസ്സിലാക്കുന്നത്. പാക് ജഴ്സി ധരിച്ച് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് വിളിക്കുമ്പോള്‍ പാക് ആരാധകരെ പ്രകോപിപ്പിക്കാമെന്ന് മാത്രമാണ് താന്‍ കരുതിയതെന്നും അത് ഇത്തരമൊരു ദുരിതമുണ്ടാക്കുമെന്ന് കരുതിയില്ലെന്നും ജയ്സ്വാള്‍ പറയുന്നു.






