
ന്യുഡല്ഹി: കേന്ദ്ര അന്വേഷണ ഏജന്സികളെ സര്ക്കാര് ദുരുപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തിപ്പെടുന്നതിനിടെ പശ്ചിമ ബംഗാളിലും സിബിഐ പരിശോധന. കല്ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബംഗാള് നിയമമന്ത്രി മൊളൊയ് ഘതകിന്റെ വീട്ടിലാണ് പരിശോധന. പശ്ചിം ബര്ദ്ധമാന് ജില്ലകയില് അന്സോളിലുള്ള മൂന്ന് വീടുകളലും കൊല്ക്കൊത്ത ലേക് ഗാര്ഡന് മേഖലയിലുള്ള ഒരു വീട്ടിലുമാണ് പരിശോധന.
കൊല്ക്കൊത്തയില് പലയിടത്തും പരിശോധന നടക്കുകയാണ്. കേന്ദ്രസേനയുടെ സുരക്ഷയിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് മൊളൊയ് ഘതകിനെ നേരത്തെ ഇ.ഡി ഒരുതവണ ചോദ്യം ചെയ്തിരുന്നു. ഡല്ഹിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്. പല തവണ ഇ.ഡിയുടെ നോട്ടീസ് ലഭിച്ചിട്ടും മൊളൊയ് ഹാജരായിരുന്നില്ല.
മൊളൊയ് ഘതകിനെതിരെ തെളിവു ലഭിച്ചിട്ടുണ്ടെന്നും ഇടപാടില് അദ്ദേഹത്തിന്റെ പങ്ക് എത്രമാത്രമുണ്ടെന്ന് കണ്ടെത്താനാണ് പരിശോധനയെന്നും സിബിഐ വ്യക്തമാക്കി.
അന്സോളിലെ ഈസ്റ്റേണ് കോള്ഫീല്ഡ്സ് ലിമിറ്റഡിന്റെ ഖനികളുമായി ബന്ധപ്പെട്ടാണ് കുംഭകോണം നടന്നിരിക്കുന്നത്. 2020 നവംബറിലാണ് സിബിഐ കേസ് രജിസ്റ്റര് ചെയ്തത്. ഖനികളില് നിന്നും അനധികൃതമായി കുഴിച്ചെടുത്ത കല്ക്കരി പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറന് ഭാഗങ്ങളില് പ്രവര്ത്തിക്കുന്ന റാക്കറ്റ് വഴി വര്ഷങ്ങളോളം കരിഞ്ചന്തയില് വിറ്റുവെന്നാണ് കേസ്. നിരവധി തൃണമൂല് കോണ്ഗ്രസ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്തിരുന്നു.







Comments