ന്യൂഡല്‍ഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി ജാക്വലിന് ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്യുന്നു. ഡല്‍ഹി പോലീസിലെ സാമ്പത്തി കുറ്റകൃത്യം അന്വേഷണ വിഭാഗമാണ് ചോദ്യം ചെയ്തത്. തട്ടിപ്പ് വീരന് സുകേശ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
രാവിലെ 11.30 ഓടെയാണ് ജാക്വലിന് മന്ദിര്‍ മാര്‍ഗിലുള്ള ഓഫീസില്‍ എത്തിയത്. നടിയെ സുകേശിന് പരിചയപ്പെടുത്തിയ പിങ്കി ഇറാനി എന്നയാളെയും ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മൊഴികളില്‍ വ്യക്തത വരുത്താന്‍ ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
സുകേശ് ചന്ദ്രശേഖറുമായുള്ള ബന്ധവും അയാളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചതുമടക്കം വിശദമായ ചോദ്യം ചെയ്യലാണ് നടന്നുകൊണ്ടിരിക്കുന്നത്. വരുന്ന രണ്ട് ദിവസവും ചോദ്യം ചെയ്യല്‍ തുടരും. ഡല്‍ഹി വിട്ട് പോകരുതെന്ന് അവര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സുകേശിന്റെ ക്രിമിനല്‍ പശ്ചാത്തലവും ലീന മരിയ പോള്‍ അയാളുടെ ഭാര്യ ആണെന്നതും അറിഞ്ഞുകൊണ്ടാണ് ജാക്വലിന് അയാളുമായി ബന്ധം തുടര്‍ന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ജാക്വലിനേയും സുകേശിനേയും ഇ.ഡിയും ചോദ്യം ചെയ്തിരുന്നു.






