മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിനു നേരെ വധശ്രമമുണ്ടായെന്നും അദ്ദേഹം രക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ട്. യൂറോ വീക്ക്ലി ന്യൂസ് ആണ് ജനറല്‍ ജിവിആര്‍ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍, എന്നാണ് വധശ്രമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
ഫെബ്രുവരിയില്‍ യുക്രൈനു മേല്‍ അധിനിവേശം റഷ്യ ആരംഭിച്ചതു മുതല്‍ പുടിനു നേര്‍ക്കുള്ള വധശ്രമ വാര്‍ത്തയും അദ്ദേഹത്തിന്റെ ആരോഗ്യ വിഷയവും ചര്‍ച്ചയായിരുന്നു. കുറഞ്ഞത് അഞ്ച് വധശ്രമമെങ്കിലും അതിജീവിച്ചുവെന്ന് 2017 ല്‍ പുടിന് തന്നെ വെളിപ്പെടുത്തിയിരുന്നു.
പുടിന്റെ ലിമോസിന് കാറിന്റെ മുന്‍നിരയില്‍ ഇടതുഭാഗത്തുള്ള ടയര്‍ അപ്രതീക്ഷിത പൊട്ടിത്തെറിച്ചുവെന്നാണ് യൂറോ വീക്ക്ലി റിപ്പോര്‍ട്ട് ചെയ്യുന്നത്. പുക ഉയര്‍ന്നുവെങ്കിലും കാര്‍ സുരക്ഷിതമായിരുന്നു. പ്രസിഡന്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേര് ഇതിനകം അറസ്റ്റിലായി കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുടിന് ഔദ്യോഗിക വസതിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കാറിന് അപകടമുണ്ടായതെന്ന് news.co.au റിപ്പോര്‍ട്ട് ചെയ്യുന്നു. വസതിയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെ വച്ച് ഒരു ആംബുലന്‍സ് അദ്ദേഹത്തിന്റെ ഒന്നാം എസ്കോര്‍ട്ട് കാര്‍ തടഞ്ഞു. പെട്ടെന്നുള്ള തടസ്സമാണെങ്കിലും രണ്ടാമത്തെ എസ്കോര്‍ട്ട് കാര്‍ അത് മറികടന്ന് മുന്നോട്ടുപോയി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുടിനെതിരെ രാജ്യേദ്രാഹ കുറ്റം ചുമത്തി അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ള ഒരു വിഭാഗം മുനിസിപ്പല്‍ പ്രതിനിധികള്‍ സ്റ്റേറ്റ് ഡ്യുമയോട് ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കു ശേഷമാണ് ഈ സംഭവം. യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിന് നേരിട്ട തിരിച്ചടിയും പാശ്ചത്വ ഉപരോധങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പുടിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തില്‍ മോസ്കോയില്‍ നിന്നും മറ്റ് പല മേഖലകളില്‍ നിന്നും നിരവധി പേര് ഒപ്പുവച്ചിരുന്നു.






