
ന്യുഡല്‍ഹി: കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ അടക്കമുള്ള സംഘടനാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനേയും സോണിയ ഗാന്ധി അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. കേരളത്തിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ വേണുഗോപാല്‍ ഡല്‍ഹിക്ക് തിരിച്ചു.
യാത്രയ്ക്ക് ഒരു ദിവസത്തെ അവധി നല്കി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. സംഘടനാ ചര്‍ച്ചകള്‍ക്കും ശേഷം രാത്രി കേരളത്തില്‍ തിരിച്ചെത്തി ചാലക്കുടിയില്‍ നിന്നും യാത്ര പുനരാരംഭിക്കും. ലണ്ടനില്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ സോണിയ ഗാന്ധിയെ കാണാന്‍ കൂടിയാണ് രാഹുലിന്റെ ഡല്‍ഹി യാത്ര.
ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ ഒപ്പമുള്ള കെ.സി വേണുഗോപാലിനെ സംഘടനാപരമായ ആവശ്യങ്ങള്‍ക്കായാണ് വിളിപ്പിച്ചതെന്നാണ് വിവരം. വേണുഗോപാല്‍ ആദ്യമായാണ് യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അടുത്ത ദിവസം വീണ്ടും യാത്രയില്‍ പങ്കുചേരും.
അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന പൊതുവികാരമാണ് കെപിസിസി ഉയര്‍ത്തുന്നത്. ഇതുസംബന്ധിച്ച പ്രമേയം പാസാക്കാനും കെപിസിസിക്ക് ആലോചനയുണ്ട്. 10 പിസിസികള്‍ ഇതിനകം പ്രമേയം പാസാക്കി കഴിഞ്ഞു. ഭാരത് ജോഡോ യാത്ര കേരളം വിട്ടതിനു ശേഷം ഇതിനായി കെപിസിസി യോഗം ചേരും. എന്നാല്‍ രാഹുല്‍ കേരളത്തിലുള്ളപ്പോള്‍ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയെന്ന് ഗ്രൂപ്പുകള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പ് നടപടി തുടങ്ങും മുന്‍പ്
പ്രമേയം വന്നില്ലെങ്കില്‍ അനൗചിത്യമെന്ന് എ ഗ്രൂപ്പ് അറിയിച്ചു.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് സോണിയ ഗാന്ധിയുടെ ആശീര്‍വാദത്തോടെ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ശശി തരൂരും രംഗത്തെത്തിയതോടെ മത്സരം കടുക്കുമെന്ന് ഉറപ്പായി. നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ളയാള്ക്കാണ് വോട്ടെന്ന നിലപാടാണ് കെപിസിസിക്ക്. തരൂരിനെ കെപിസിസിയും തഴയുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
അതിനിടെ, തരൂര്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് മത്സരിക്കാനുള്ള അനുമതി തേടിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ താന്‍ പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.






