ജയ്പൂര്‍: ത്വക്ക് രോഗത്തെ തുടര്‍ന്ന് കന്നുകാലികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് രാജസ്ഥാന് സര്‍ക്കാരിനെതിരെ ആയുധമാക്കി ബി.ജെ.പി. ലംപി സ്കിന്‍ ഡിസീസ് (എല്‍എസ്ഡി) എന്ന രോഗം ബാധിച്ചാണ് കന്നുകാലികള്‍ ചത്തൊടുങ്ങുന്നത്. സംസ്ഥാനത്ത് ഇതിനകം 57,000 കന്നുകാലികള്‍ ചത്തു. 11 ലക്ഷം എണ്ണത്തിന് രോഗം ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
വിഷയം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ബി.ജെ.പി, വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിയുന്നതിനായി രോഗം ബാധിച്ച പശുവിനെ നിയമസഭാ വളപ്പിനു പുറത്ത് കൊണ്ടുവരികയും ചെയ്തു. സര്‍ക്കാരിനെതിരെ ഇന്ന് ജയ്പൂരില്‍ ബി.ജെ.പി കൂറ്റന്‍ പ്രകടനമാണ് നടത്തിയത്.
എന്നാല്‍ എല്‍എസ്ഡി ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മറുപടി. രോഗം ബാധിച്ച കന്നുകാലികളുടെ ജീവന് രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കേന്ദ്രസര്‍ക്കാര്‍ വാക്സിനും മരുന്നുകളും ലഭ്യമാക്കണം. ഇതിനാം 13 സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം സാഹചര്യത്തില്‍ ദേശീയ ദുരന്തമായി ഈ രോഗത്തെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രോഗം വന്നതോടെ രാജസ്ഥാനില്‍ പാലുല്പാദനവും ഗണ്യമായി കുറഞ്ഞു. ഇത് പാലുല്പന്നങ്ങളുടെ വിലവര്‍ധനവിന് ഇടയാക്കി. സഗസ്ഥാനത്തെ ഏറ്റവും വലിയ ക്ഷീര സഹകരണ സ്ഥാപനമായ ജയ്പൂര്‍ ഡയറി ഫെഡറേഷന്റെ കണക്ക് പ്രകാരം പാലുല്പാദനം 15-18% കുറഞ്ഞു. എങ്കിലും ഇതുവരെ പാല് വിതരണത്തില്‍ തടസ്സം വന്നിട്ടില്ലെന്നും ഫെഡറേഷന് വ്യക്തമാക്കി. പ്രതിദിന സംഭരണമായ 14 ലക്ഷം ലിറ്ററില്‍ നിന്ന് 12 ലക്ഷം ലിറ്ററായി കുറഞ്ഞിട്ടുണ്ട്.
രാജസ്ഥാനിലെ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമാണ് കന്നുകാലി വളര്‍ത്തല്‍. ഇതുവരെ ഈ രോഗത്തിന് ഒരു വാക്സിന് കണ്ടെത്തിയിട്ടില്ല. പശുക്കളിലും ആടുകളിലും കാണപ്പെടുന്ന വസൂരി രോഗത്തിന് ഈ വാക്സിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാനില്‍ ഇതുവരെ 16.22 ലക്ഷം വാക്സിന് ലഭ്യമാണ്. 12.32 ലക്ഷം പശുക്കളില്‍ അവ വിതരണം ചെയ്തു. എന്നാല്‍ 11 ലക്ഷം പശുക്കള്‍ക്ക് ഇതിനകം വൈറസ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ നില തുടര്‍ന്നാല്‍ വളര്‍ത്തുമൃഗങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകും.






