കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ എം.ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നു. രാവിലെ 1ഢ മണിയോടെ ശിവശങ്കര്‍ സിബിഐ ഓഫീസില്‍ ഹാജരായി. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ ഇതാദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
കേസിലെ മറ്റു പ്രതികളായ സ്വപ്ന സുരേഷ്, പി.എസ് സരിത്ത്, ലൈഫ് മിഷന് എം.ഡി യു.വി ജോസ്, ലൈഫ് മിഷന്റെ കരാര്‍ ഏറ്റെടുത്ത യുണിടാക് എം.ഡി സന്തോഷ് ഈപ്പന് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. റെഡ്ക്രെസന്റ് സഹായത്തോടെ ലൈഫ് മിഷന് ഭവന നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്ത് കേസ് പ്രതികളും കോഴ കൈപ്പറ്റിയെന്നാണ് കേസ്. കരാര്‍ നേടിയെടുക്കാന്‍ ശ്രമിച്ചത് ശിവശങ്കറാണെന്നും സിബിഐ പറയുന്നു.
സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റെതാണെന്നും ലൈഫ് മിഷന് പദ്ധതിയില്‍ ലഭിച്ച കോഴയാണിതെന്നും ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.






