ലക്നൗ: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ അതികായന് മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യകാരങ്ങളാല് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഓഗസ്റ്റ മുതല്‍ ചികിത്സയില്‍ ആയിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. കുറച്ചുദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഇന്നു രാവിലെ മകനും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും ഭാര്യ ഡിംപിളും അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
മൂന്നു തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 1989-1991, 1993-1995, 200-2007 കാലഘട്ടത്തിലാണ് മുഖ്യമന്ത്രിയായത്. 1996 മുതല്‍ 1998 വരെ ദേവഗൗഡയുഡെ നേതൃത്വത്തിലുള്ള ഐക്യസര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്നു. 1996ലാണ് ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്. കന്നിയംഗത്തില്‍ തന്നെ പ്രതിരോധ മന്ത്രിയുമായി. ഏഴ് തവണ ലോക്സഭയില്‍ അംഗമായി. എട്ടു തവണ നിയമസഭാംഗവുമായി. 2012ല്‍ യു.പിയില്‍ സമാജ്വാദി പാര്‍ട്ടി വലിയ ഭൂരിപക്ഷം നേടിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം മകന് കൈമാറി തലമുറ മാറ്റത്തിനും അദ്ദേഹം തയ്യാറായി.
ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് മുലായമിന്റെ ജനനം. വിദ്യാര്‍ത്ഥിയായിരിക്കേ രാഷ്ട്രീയത്തിലിറങ്ങിയ മുലായം, കെ.കെ കോളജിലെ പഠനകാലത്ത് റാം മനോഹര്‍ ലോഹ്യയുമായി രാഷ്ട്രീയ ചിന്തകളില്‍ ആകൃഷ്ടനായി. ആഗ്ര സര്‍വകലാശാലയില്‍ നിന്ന് ബി.റ്റി ബിരുദവും തുടര്‍ന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും സ്വന്തമാക്കി.
മകനെ മികച്ച ഗുസ്തിക്കാരനാക്കാന്‍ പിതാവ് സുധര് സിംഗ് ആഗ്രഹിച്ചിരുന്നു. ഇതുപ്രകാരം മുലായം സിംഗ് ഗുസ്തിമത്സരങ്ങളിലും പങ്കെടുത്തിരുന്നു. മെയ്ന്‍പുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയില്‍ വെച്ചാണ് പില്ക്കാലത്ത് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിംഗ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ 'ഫയല്വാന്' ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിംഗ് തീര്‍ച്ചപ്പെടുത്തി. പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് മുലായത്തിനെ സജീവരാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. 1967-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.
ലോഹ്യയുടെ മരണശേഷം രാജ് നരൈന് നേതൃത്വം നല്കിയ സോഷ്യലിസ്റ്റ് വിഭാഗത്തില്‍ മുലായം ചേര്‍ന്നു. 1974-ല്‍ ഈ പാര്‍ട്ടി മറ്റ് രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് ഭാരതീയ ലോക് ദള്‍ എന്ന പുതിയ പാര്‍ട്ടിയായി മാറി. അടിയന്തരാവസ്ഥക്കാലത്ത് മുലായമിനു 19 മാസം ജയില്‍ വാസം അനുഷ്ഠിക്കേണ്ടി വന്നു. ഇക്കാലയളവില്‍ ഇദ്ദേഹം ലോഹ്യയുടേതിനൊപ്പം മറ്റൊരു പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ചരണ്‍ സിംഗിന്റെ ആശയങ്ങളും പരസ്പരം ബന്ധിപ്പിച്ച് ചിന്തിച്ചു തുടങ്ങി. 1977-ല്‍ ജനതാപാര്‍ട്ടിയുടെ ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച അദ്ദേഹം സഹകരണ-മൃഗസംരക്ഷണ-ഗ്രാമീണ വ്യവസായ വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിച്ചു.
1980-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ലോക് ദളിന്റെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ടായി അവരോധിക്കപ്പെട്ടു. 1984-ല്‍ ചരണ്‍ സിംഗ് പുതുതായി രൂപീകരിച്ച ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായും മാറി.
എല്‍.കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള രഥയാത്രയെ നിരോധിച്ച മുലായം ബിജെപിക്കെതിരെ അതിശക്തമായ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. പ്രതിരോധ മന്ത്രിയായിരിക്കേ ചൈനയ്ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ മുലായം മടികാണിച്ചില്ല. ചൈനയെ പ്രധാന എതിരാളിയായും അതിര്‍ത്തിയിലെ പ്രശ്നക്കാരനായുമാണ് മുലായം കണ്ടിരുന്നത്. യു.പിയിലെ യാദവ-മുസ്ലീം ബന്ധത്തിലൂടെ കരുത്തുതെളിയിച്ച മുലായം, ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ അനിഷേധ്യ നേതാവായി ഉയര്‍ന്നു. പിന്നാക്ക -ന്യുനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനു നിരവധി പദ്ധതികളും അദ്ദേഹം കൊണ്ടുവന്നിരുന്നു.
ബിജെപിയുമായി കടുത്ത രാഷ്ട്രീയ എതിര്‍പ്പ് നിലനിന്നപ്പോഴും ബിജെപി നേതാക്കളുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്നു. നിലവില്‍ പാര്‍ലമെന്റ് അംഗമായിരുന്ന മുലായം, രണ്ട് സമ്മേളനങ്ങള്‍ക്ക് മുന്‍പ് വരെ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും പാര്‍ലമെന്റില്‍ എത്തുകയും സഭാ നടപടികളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു.






