
കാസർകോട്: മദ്യലഹരിയിൽ കാർ ഓടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറ്റിയ പൊലീസുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബേഡകം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീകുമാറിനെതിരെയാണ് അമ്പലത്തറ പൊലീസ് നടപടി സ്വീകരിച്ചത്. ഇന്നലെ രാത്രി അട്ടേങ്ങാനത്താണ് സംഭവം നടന്നത്.
അപകടത്തിന് പിന്നാലെ ശ്രീകുമാറിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ഓടിച്ചിരുന്ന KL 79 3578 നമ്പർ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടശേഷം നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടത്തിന് മുൻപ് കാർ റോഡിലൂടെ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസുൾപ്പെടെ ചില വാഹനങ്ങളിൽ ഉരസിയതായി നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസമയത്ത് അവിടെ ആളുകളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
വിവരം ലഭിച്ചതിനെ തുടർന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയതിനും മദ്യലഹരിയിൽ വാഹനമോടിച്ചതിനും ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് ശ്രീകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം പൊലീസ് സേനയ്ക്കുള്ളിലും ചർച്ചയായിട്ടുണ്ട്. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന ഗുരുതര ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീകുമാറിനെതിരെ വകുപ്പുതല അച്ചടക്ക നടപടികളും ഉണ്ടായേക്കുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.






