കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ധനമന്ത്രി ഡോ.തോമസ് ഐസക്കിന് താത്ക്കാലിക ആശ്വാസം. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. രണ്ടു മാത്തേക്കാണ് തടഞ്ഞിരിക്കുന്നത്. ഐസക്കിന് തടുര്‍ സമന്‍സുകള്‍ അയക്കരുതെന്ന് ഇ.ഡിക്ക് കോടതി നിര്‍ദേശം നല്കി. എന്നാല്‍ കേസില്‍ അന്വേഷണം തുടരാം. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.
അതേസമയം, ഹര്‍ജികളില്‍ റിസര്‍വ് ബാങ്കിനെ കക്ഷി ചേര്‍ത്തിട്ടുണ്ട്. കേസില്‍ റിസര്‍വ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കാമെന്നാണ് കോടതി വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്.
മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂലാ തോമസ് എന്നിവരാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി നല്‍കിയത്. ഇ.ഡി സമന്‍സ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. 2021 മാര്‍ച്ച് മാസത്തിലായിരുന്ന ഇതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചത് . രണ്ട് പരാതികളിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തില്‍ ഫെമ നിയമ ലംഘനം ഉണ്ടായെന്നും 2019 ലെ സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാതെയാണെന്നുമായിരുന്നു പരാതി.
കിഫ്ബി മസാലബോണ്ട് വിതരണത്തില്‍ ഫെമ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഐസകിന്റെയും കിഫ്ബിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം. കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് അന്വേഷണമെന്നും റിസര്‍വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് വിതരണം നടത്തിയതെന്നും ഇവര്‍ വാദിച്ചു.






