
തൃശൂര്‍: പത്തനംതിട്ട ഇലന്തൂരില്‍ നരബലിയുടെ പേരില്‍ ആദ്യം കൊല്ലപ്പെട്ട റോസിലി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി. കാലടി മറ്റൂരില്‍ ഒരു അധ്യാപികയുടെ വീടിന്റെ ഔട്ട്ഹൗസില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ലിവിംഗ് ടുഗദര്‍ ആയി ആറു വര്‍ഷമായി സജീഷ് എന്നയാള്‍ക്കൊപ്പമായിരുന്നു താമസം. കടകളില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് വില്‍ക്കുന്ന ജോലിയാണ് റോസിലിക്ക്.
സജീഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പെട്ടയാളാണെന്നും ഒരിക്കല്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും റോസിലിയുടെ മകള്‍ പറയുന്നു. ജൂണ്‍ എട്ടിനാണ് റോസിലിലെ കാണാതായത്. എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ് കാര്യമാക്കിയില്ല. സജീഷും റോസിലിയും തമ്മില്‍ വഴക്കുണ്ടായിരുന്നു പോലീസില്‍ പരാതി നല്‍കുമ്പോഴെല്ലാം ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. വീട്ടില്‍ നിന്ന് പോകുന്നതിനു മുന്‍പ് അമ്മ ധരിച്ചിരുന്ന ആഭരണങ്ങള്‍ സജീഷിന് അഴിച്ചുനല്കിയിരിന്നുവെന്നും മകള്‍ പറയുന്നു.
റോസിലിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സജീഷിനെ വിളിച്ച് അന്വേഷിച്ചു. എന്നാല്‍ കാണാനില്ലെന്നാണ് പറഞ്ഞത്. ഉത്തര്‍പ്രദേശിലാണ് താന്‍ ജോലി ചെയ്യുന്നത്. ഇതോടെ ഓഗസ്റ്റില്‍ വന്ന് കാലടി സ്റ്റേഷനില്‍ പരാതി നല്കി. പിന്നീട് വിളിച്ചന്വേഷിക്കുമ്പോഴെല്ലാം അന്വേഷിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. ഇന്ന് ചാനലുകളില്‍ വാര്‍ത്ത വന്നത് കണ്ട് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ മരിച്ചത് റോസിലി തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. ജനുവരിയില്‍ അവധിക്കു വന്നപ്പോള്‍ ആണ് അവസാനമായി അമ്മയെ കണ്ടതെന്നും മകള്‍ പറഞ്ഞു.






