
കണ്ണൂര്‍: എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷിന്റെ കുറ്റസമ്മതമൊഴിയുടെ പിന്നാലെ കേസില്‍ ഇയാളെ ചോദ്യം ചെയ്ത ഡിെവെ.എസ്.പിമാര്‍ക്ക് വധഭീഷണി. ഭീഷണി മുഴക്കിയതിനു യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ നേതാവടക്കം 20 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ഡിെവെ.എസ്.പി: സദാനന്ദനും പ്രിന്‍സ് ഏബ്രഹാമിനുമെതിരേയാണു വധഭീഷണി പ്രചരിക്കുന്നത്. സുബീഷ് അവശത പ്രകടിപ്പിച്ച് കോടതിക്കു പുറത്തു വരുന്ന വീഡിയോയും ചേര്‍ത്താണു പ്രചാരണം. യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിതാ പാലക്കല്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസ്. അമ്പാടിമുക്ക് കണ്ണൂര്‍ എന്ന അക്കൗണ്ടടക്കം 20 ഫെയ്സ്ബുക്ക് ഐ.ഡികള്‍ നിരീക്ഷിച്ചാണ് കേസെടുത്തിരിക്കുന്നത്. 'ഇവരെ വടിവാളിനു വെട്ടണം', പോലീസിനും ഒരു രക്തസാക്ഷിയുണ്ടാകട്ടെ'' എന്നു തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്.
നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഇതേ രീതിയലുള്ള സന്ദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ, കുറ്റസമ്മത മൊഴി സി.പി.എം. പ്രേരണ കൊണ്ടാണെന്ന് പറയാനാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സുബീഷിനെ ജയിലിലെത്തിയെന്ന ആരോപണവുമായി സി.പി.എമ്മും രംഗത്തെത്തി. പടുവിലായി മോഹനന് വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് എന്‍.ഡി.എഫ് പ്രവര്ത്തകന് ഫസലിനെ വധിച്ച കേസിലെ പങ്ക് ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷ് വെളിപ്പെടുത്തിയത്. സി.പി.എം.നേതാക്കളായ കാരായി രാജന്, കാരായി ചന്ദ്രശേഖരന് എന്നിവര്‍ പ്രതിസ്ഥാനത്തുള്ള ഫസല്‍ കേസില്‍ താനടക്കമുള്ള നാല് ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നായിരുന്നു മൊഴി.
കേസില്‍ സി.പി.എമ്മിന് പങ്കില്ലെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സുബീഷിനെ പോലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ദേശീയ മനുഷ്യാവകാശ കമ്മിഷനും സി.ബി.ഐക്കും പരാതിയും നല്കി. കുറ്റസമ്മത മൊഴി സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ബന്ധ പ്രകാരമായിരുന്നുവെന്ന് പറയാനാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സുബീഷിനെ ജയിലിലെത്തി കണ്ടതായാണ് സി.പി.എം ആരോപിക്കുന്നത്. നേതാക്കള്‍ കാണാനെത്തിയതായി സുബീഷ് പറഞ്ഞത് പോലീസും സ്ഥിരീകരിക്കുന്നുണ്ട്.






