
ന്യുഡല്‍ഹി: വിഭിന്നതയും വൈചിത്ര്യങ്ങളും കൊണ്ട് ലോകശ്രദ്ധ നേടിയിട്ടുളള ഇന്ത്യ രാഷ്ട്രീയ പാര്‍ട്ടികളുടെയും കാര്യത്തില്‍ ഒന്നാമത്. ലോകത്ത് ഏറ്റവുമധികം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ള രാജ്യവും ഇന്ത്യ തന്നെ. ഇലക്ഷന് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 1,900 രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്നും ഇവയില്‍ 400 എണ്ണം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും കമ്മീഷണര്‍ നസിം സെയ്ദി. ഇവയില്‍ പല പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനാണെന്ന് സെയ്ദി പറയുന്നു.
ഇത്തരം പാര്‍ട്ടികള്‍ക്കെതിരേ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇത്തരം പാര്‍ട്ടികളെ തരംതിരിച്ച ശേഷം അവരുടെ സംഭാവനയെയും പിരിവുകളെയും ആദായ നികുതിയില്‍ നിന്നും ഒഴിവാക്കുന്നതിനെതിരേ നടപടിയെടുക്കുമെന്നും സെയ്ദി പറഞ്ഞു. ഇക്കാരയത്തില്‍ ഡി റജിസ്ട്രേഷന് നടപടികള്‍ ഫലവത്താകില്ലെന്നും കാലതാമസം നേരിടുന്നതാണെന്നും പറഞ്ഞു. എന്നിരുന്നാലും അക്കാര്യം ചെയ്യുമെന്നും എന്നാല്‍ ഉടനടി ക്രമക്കേടിനെതിരേ നടപടിയെടുക്കലാണ് ആദ്യപടിയെന്നും പറഞ്ഞു.
ഇക്കാര്യത്തില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലാത്തതും സംഭാവനയും പിരിവും നടത്തുകയും ചെയ്ത പാര്‍ട്ടികളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന സിഇസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക നിയന്ത്രണം കൊണ്ടുവന്നതിന് പിന്നാലെ വന്‍ നോട്ട് ശേഖരമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.




