കോട്ടയം: പാലാ നരസഭാ ചെയര്മാന് സ്ഥാനത്തെച്ചൊല്ലി അകം പുകഞ്ഞ് സി.പി.എം. നേതൃത്വം. മുന്‍ ധാരണ അനുസരിച്ച് രണ്ടു വര്‍ഷം കഴിഞ്ഞ് ചെയര്മാന് സ്ഥാനം കേരള കോണ്‍ഗ്രസ് (എം), സി.പി.എമ്മിന് നല്‍കേണ്ടതാണ്. എന്നാല്‍ ചെയര്മാന് സ്ഥാനം വിട്ടുനല്‍കാന്‍ തയാറല്ലെന്ന് കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന ചില നേതാക്കള്‍ വ്യക്തമാക്കിയതോടെയാണ് സി.പി.എം. നേതൃത്വം പ്രതിസന്ധിയിലായത്.
ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസിനും അടുത്ത ഒരു വര്‍ഷം സി.പി.എമ്മിനും പിന്നീടുളള രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസിനും എന്നതായിരുന്നു ധാരണ. എന്നാല്‍, അവസാന ഒരു വര്‍ഷം സി.പി.എമ്മിന് നല്‍കാമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട്.
ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണ പാലിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടക്കാനിടയില്ലെന്നാണ് സി.പി.എം നേതാക്കളുടെ വിലയിരുത്തല്‍. ധാരണപ്രകാരം സി.പി.എമ്മിലെ അഡ്വ. ബിനു പുളിക്കക്കണ്ടമാണ് ചെയര്‍മാനാകേണ്ടത്. കരാര്‍ അനുസരിച്ച് ഡിസംബറില്‍ നിലവിലുളള ചെയര്മാന് സ്ഥാനം ഒഴിയണം. പാലാ നഗരസഭയില്‍ മാത്രമാണ് കേരള കോണ്‍ഗ്രസിന് ചെയര്മാന് സ്ഥാനം ഉളളതെന്നും അതിനാല്‍ വിട്ടുതരാന്‍ നിര്‍വാഹമില്ലെന്നും കേരള നേതാക്കള്‍ സി.പി.എം നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.
ചെയര്മാന് സ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസു(എം)മായി ഒരു തര്‍ക്കത്തിന് സി.പി.എം. നേതൃത്വം ഇപ്പോള്‍ തയാറല്ല. ലോകസഭാ തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ യോജിച്ചു പോകേണ്ട അവസരമായതിനാല്‍ ഒരു വിവാദം സൃഷ്ടിക്കാന്‍ സി.പി.എം. ആഗ്രഹിക്കുന്നില്ല.
കേരളാ കോണ്‍ഗ്രസിന് വേണ്ടി യു.ഡി.എഫ്. വാതില്‍ തുറന്നിട്ട സാഹചര്യത്തില്‍ അവരെ ഇടതുമുന്നണിയില്‍ നിലനിര്‍ത്തേണ്ടത് സി.പി.എമ്മിന്റെ ബാധ്യതയാണ്. അതിനാല്‍ പാര്‍ട്ടി എടുക്കുന്ന നിലപാടിന് സി.പി.എം. നേതൃത്വം വഴങ്ങുമെന്നാണ് കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തിന്റെ വിലയിരുത്തല്‍. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ക്കായി വിലപേശുന്നതിനായി പാലായിലെ ചെയര്മാന് സ്ഥാനം ഉപയോഗിക്കാന്‍ കഴിയുമെന്നും കേരള കോണ്‍ഗ്രസ് (എം) കരുതുന്നു.
ഈ സാചര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) എന്തു നിലപാട് സ്വീകരിച്ചാലും അംഗീകരിക്കേണ്ട സ്ഥിതിയിലാണ് പാലായിലെ സി.പി.എം. നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ നിന്നും പുറത്തു പോകുന്ന സാഹചര്യത്തിലെത്തിച്ചത്. അത്തരമൊരു സാഹചര്യം ഇനി സൃഷ്ടിക്കരുതെന്ന നിലപാടിലാണ് ചില നേതാക്കള്‍.
ഷാലു മാത്യു






