ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നാലെ തോഴി ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ തിരിച്ചു വരവ് തമിഴ് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. ശശികലയുമായി അകന്ന് കഴിഞ്ഞിരുന്ന നടരാജനാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ ചര്‍ച്ചകളുടെ കേന്ദ്രം.
ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ശശികലയുടെയും നടരാജന്റെ റോള്‍ എന്തായിരിക്കുമെന്നാണ് തമിഴ്നാട് ഉറ്റുനോക്കുന്നത്. ശശികലയുമായി അകലം പാലിച്ചിരുന്ന നടരാജന് ജയലളിതയുടെ ശവസംസ്കാര ചടങ്ങിലാണ് പ്രത്യക്ഷപ്പെട്ടത്. ജയലളിതയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ാസ് കൂടിന്റെ തലഭാഗം ചേര്‍ന്നാണ് ഇയാള്‍ നിന്നത്.
2011ല്‍ ശശികലയെയും ബന്ധുക്കളെയും ജയലളിത പുറത്താക്കിയ കൂട്ടത്തിലാണ് നടരാജനും പുറത്തായത്. പിന്നീട് ജയലളിതയോട് മാപ്പിരന്ന് ശശികല തിരിച്ചു കയറിയെങ്കിലും നടരാജനെ ജയലളിത അടുപ്പിച്ചില്ല.
ജയലളിതയുടെ സംസ്കാര ദിവസം മറീനയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട നടരാജനെ അനുകൂലിച്ച് ചെന്നൈയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ഒരിക്കല്‍ തമിഴ്നാടിനെ രക്ഷിച്ച മനുഷ്യനെ തിരിച്ചു വിളിക്കൂ എന്നായിരുന്നു പോസ്റ്ററുകളിലെ ഉള്ളടക്കം.
ജയലളിതയുടെ അഭാവത്തില്‍ ഏത് സാധാരണക്കാരനും പാര്‍ട്ടിയെ നയിക്കാനകുമെന്ന് നടരാജന് പ്രതികരിച്ചിരുന്നു. വീണ്ടും പാര്‍ട്ടിയില്‍ കരുത്താര്‍ജിക്കാനുള്ള നടരാജന്റെ ശ്രമമായാണ് ഈ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്.
അണ്ണാ ഡി.എം.കെയില്‍ ജാനകി, ജയലളിത ഗ്രൂപ്പുകളുണ്ടാക്കിയ ആള് എന്നാണ് നടരാജനെ പാര്‍ട്ടി അണികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ജയലളിത ആദ്യ തവണ മുഖ്യമന്ത്രി ആയ ശേഷമാണ് നടരാജന് ശശികലയുമായി അകലുന്നത്. 1996ല്‍ നടരാജന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. പുറത്തായതിന് ശേഷവും പാര്‍ട്ടി അണികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടരാജന് ബന്ധം പുലര്‍ത്തിയിരുന്നു.
പിന്നീട് നടരാജന് തന്റെ തട്ടകം ഡല്‍ഹിയിലേക്ക് മാറ്റി. മായാവതി, മുലായം സിംഗ് യാദവ് എന്നിവരുമായി അടുപ്പം പുലര്‍ത്തുന്ന നടരാജന് കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. പാര്‍ട്ടിയില്‍ ശക്തിയാര്‍ജിക്കുന്നതിന് തന്റെ ഡല്‍ഹി ബന്ധങ്ങളും നടരാജന് ഉപയോഗിക്കുന്നുണ്ട്.
തഞ്ചാവൂര്‍ സദേശിയാണ് നടരാജന്. കാര്‍ഷിക കുടുംബത്തില്‍ ജനിച്ച നടരാജന് ബിരുദ പഠനകാലത്ത് ഹിന്ദി വിരുദ്ധ സമരത്തിലൂടെ സംസ്ഥാനത്ത് അറിയപ്പെടുന്ന വിദ്യാര്‍ത്ഥി നേതാവായി മാറി. നേതൃപാടവം തെളിയിച്ച നടരാജനെ അന്നത്തെ ഡി.എം.കെ സര്‍ക്കാര്‍ നടരാജനെ പി.ആര്.ഒ ആയ നിയമിച്ചു. ഇത് നടരാജന് അധികാര കേന്ദ്രങ്ങളിലേക്ക് വഴി തുറന്നു.
എണ്‍പതുകളുടെ പകുതിയില്‍ ഗൂഡല്ലുര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയിരിക്കെയാണ് നടരാജന് ജയലളിതയുമായി പരിചയപ്പെടുന്നത്. പാര്‍ട്ടി പരിപാടികള്‍ ചിത്രീകരിക്കാനുള്ള അനുമതി സമ്പാദിച്ച് ശശികലയെ ജയയുടെ സംഘത്തില്‍ എത്തിച്ചു. ജയലളിതയുടെ ഗുഡ്ലിസ്റ്റില്‍ കയറിയതോടെ ശശികലയും നടരാജനഒം പോയസ് ഗാര്‍ഡനിലേക്ക് താമസം മാറ്റി.
1989ല്‍ എ.ഐ.എ.ഡി.എം.കെ പിളര്‍ന്നതോടെ ജയലളിത എം.എല്‍.എ സ്ഥാനം രാജിവയ്ക്കാനും രാഷ്ട്രീയം വിടാനും തീരുമാനിച്ചിരുന്നു. എന്നാല്‍ രാജികത്ത് സ്പീക്കര്‍ക്ക് നല്കുകയുണ്ടായില്ല. പിന്നീട് നടരാജന്റെ വീട് റെയ്ഡ് ചെയ്ത് രാജിക്കത്ത് പോലീസ് കണ്ടെടുക്കയും സ്പീക്കര്‍ക്ക് കൈമാറുകയുമായിരുന്നു. പിന്നീട് നടരാജന്റെ സഹായത്തോടെയാണ് ഭിന്നിച്ച് നിന്നിരുന്ന പാര്‍ട്ടിയെ ജയലളിത ഒരുമിപ്പിച്ചത്.






