
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്പറേഷന് പരിസരം സംഘര്‍ഷഭൂമിയായി. യൂത്ത് കോണ്‍ഗ്രസ്, മഹിളാ മകാണ്‍ഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുമായി കോര്‍പറേഷനു മുന്നിലേക്ക് എത്തി.
യുവമോര്‍ച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ഇത് മറികടന്ന് മതില് ചാടി കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കൗണ്‍സിലര്‍മാരും പ്രതിഷേധത്തിലുണ്ട്.
പ്രവര്‍ത്തകര്‍ക്ക് നേരെ പല തവണ ജലീപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും വി.വി രാജേഷും മുന്നില്‍ കണ്ണീവാതക ഷെല്‍ പതിച്ചു.
കണ്ണീര് വാതകവും ജലപീരങ്കിയും പോലീസ് മാറിമാറി പ്രയോഗിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഷെല്‍ പതിച്ചു. സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധമാണ് പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചത്. പോലീസുകാര്‍ക്ക് പോലും സമരസ്ഥലത്ത് നില്ക്കാനാവാത്ത വിധമാണ് ഷെല്ലാക്രമണം ഉണ്ടായത്. പോലീസുകാര്‍ക്ക് ബാരിക്കേഡിനു സമീപത്തുനിന്ന് മാറേണ്ടി വന്നു.
പ്രവര്‍ത്തകരില്‍ പലരും ശ്വാസംകിട്ടാതെ ബുദ്ധിമുട്ടിയും ചുമച്ചുമാണ് സമരസ്ഥലത്ത് നിന്നത്. പലരും കുഴഞ്ഞ് നിലത്തിരുന്നു.
രൂക്ഷമായ രാസപ്രദാര്ത്ഥമുപയോഗിച്ചുള്ള നികൃഷ്ടമായ പോലീസ് നടപടിയാണ് ഉണ്ടായിരിക്കുന്നത് കെ.സുരേന്ദ്രന് ആരോപിച്ചു. ജനവികാരം സര്‍ക്കാരിനെതിരെ ശക്തിപ്പെടുമ്പോഴാണ് പോലീസ് ഇത്തരം അക്രമം നടത്തുന്നത്. യുവമോര്‍ച്ച സമരം സമാധാനപരമാണ്. യുവമോര്‍ച്ച പ്രവര്‍ത്തകരെ അക്രമിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
കോര്പറേഷന് പുറത്ത് യുവമോര്‍ച്ച പ്രതിഷേധിക്കുമ്പോള്‍ അകത്ത് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. ജെബി മേത്തര്‍ എം.പിയെ പോലീസ് വളഞ്ഞിട്ട് അടിച്ചുവെന്ന് പറഞ്ഞ് പോലീസിനെതിരെ പ്രതിഷേധം ഉയരുകയാണ്. ജെബി മേത്തറെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ട്.
കണ്ണീര് വാതകം പ്രയോഗിച്ചതോടെ ശ്വാസംമുട്ട് അനുഭവപ്പെട്ട മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകത്തേക്ക് പോകാന്‍ ശ്രമിച്ചു. ഈ സമയം പോലീസ് ചവിട്ടുകയും അടിക്കുകയും പിടിച്ചുവലിക്കുകയുമായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
അതിനിടെ, പോലീസിന്റെ ജലപീരങ്കിയിലെ വെള്ളം തീര്‍ന്നതോടെ ഫയര്‍ഫോഴ്സ് വാഹനത്തില്‍ വെള്ളം എത്തിച്ചു.
കോര്പറേഷന് വളപ്പില്‍ കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാനും ലാത്തിവീശി ഓടിക്കാനുമുള്ള ശ്രമം നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. മ്യൂസിയം ഭാഗത്തേക്കുള്ള റോഡ് അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി മാറിക്കഴിഞ്ഞു.