
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഒരാളെ കൂടി ഇ.ഡി അറസ്റ്റു ചെയ്തു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുപ്പക്കാരന് വിജയ് നായര്‍ ആണ് അറസ്റ്റിലായത്. സിബിഐ കസ്റ്റഡിയ്ക്കെതിരെയുള്ള വിജയ് നായരുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേയാണ് ഇ.ഡി അറസ്റ്റു രേഖപ്പെടുത്തുന്നത്.
ആം ആദ്പി പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവിയാണ് വിജയ് നായര്‍. ബിസിനസുകാരന് അഭിഷേക് ബോയ്ന്പള്ളിക്കൊപ്പമാണ് സിബിഐ വിജയ് നായരെ അറസ്റ്റു ചെയ്തത്. ദക്ഷിണേന്ത്യയില്‍ മദ്യവ്യാപാരം നടത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്ന് സിബിഐ പറയുന്നു. ഇരുവരും നിലവില്‍ ജയിലിലാണ്.
കള്ളപ്പണം നിരോധ നിയമപ്രകാരമാണ് ഇ.ഡി അറസ്റ്റു ചെയ്തത്. ഇരുവരുടെയും കസ്റ്റഡി ഇ.ഡി ആവശ്യപ്പെട്ടേക്കും.
ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുകാരനായ വിജയ് നായര്‍ മറ്റ് പ്രതികളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഡല്‍ഹി സര്‍ക്കാര്‍പുതിയ മദ്യനയം രൂപീകരിച്ചതും നടപ്പാക്കാന്‍ ശ്രമിച്ചതെന്നും സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ വാദിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് 169 കേന്ദ്രങ്ങളിാണ് ഇ.ഡി റെയ്ഡ് നടത്തിയത്. മദ്യ കമ്പനിയായ ഇന്‍ഡോസ്പിരിറ്റ് പ്രൊമോട്ടര്‍, അറോബിന്ദോ ഫാര്‍മ ജനറല്‍ മാനേജര്‍ അടക്കം നിരവധി പ്രമുഖര്‍ ഇതിനകം അറസ്റ്റിലായിക്കഴിഞ്ഞു. മനീഷ് സിസോദിയയുടെ വീട്ടിലും ഓഫീസിലും ബാങ്ക് ലോക്കറിലുമടക്കം ഇ.ഡി പരിശോധന നടത്തുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.






