
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ലിവിംഗ് പാര്‍ട്ണറെ യുവാവ് കൊന്ന് 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കാട്ടിലുപേക്ഷിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യുവതിയുടെ പിതാവ്. മകള്‍ ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകം ലവ് ജിഹാദിന്റെ ഭാഗമാണെന്ന് പിതാവ് ആരോപിച്ചു. പ്രതി അല്‍ത്താഫ് അമീന് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധയുടെ കൊലയ്ക്ക് പിന്നില്‍ ലവ് ജിഹാദാണെന്ന ആരോപണം ബി.ജെ.പിയും ഉന്നയിച്ചു. ഇത് വെറുമൊരു കൊലപാതകമായി കാണാനാവില്ല. ലവ് ജിഹാദിന്റെ സാധ്യതയും പോലീസ് പരിശോധിക്കണം. ഇതില്‍ ഒരാള്‍ മാത്രമല്ല, ഒര സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് രാം കദം പറഞ്ഞു.
കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും ലവ് ജിഹാദ് ആരോപണം ഉന്നയിക്കുന്നു. ഹിന്ദു യുവതിയായ ശ്രദ്ധയെ മുസ്ലീം യുവാവായ അല്‍താഫ് കൊലപ്പെടുത്തിയത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഇതിനു പിന്നിലെ ലവ് ജിഹാദ് സാധ്യത പോലീസ് പരിശോധിക്കണമെന്നും അദ്ദേഹം ബെഗുസരായില്‍ പറഞ്ഞു.
അതിനിടെ, അല്‍ത്താഫുമായി പോലീസ് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ച മെഹ്രൗളിയിലെ വനമേഖലയില്‍ തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നൂം കണ്ടെത്തിയ പത്ത് ശരീരസാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. അവ മനുഷ്യന്റെ മൃതദേഹ ഭാഗങ്ങള്‍ തന്നെയാണോ എന്നൂം ആണെങ്കില്‍ ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എ സാംപിളുമായി യോജിക്കുന്നുണ്ടോ എന്നുമാണ് പരിശോധിക്കുന്നത്.
ശ്രദ്ധയുടെ കൊലയ്ക്കു ശേഷം വിവരം മറച്ചുവയ്ക്കാന്‍ അല്‍ത്താഫ് ശ്രദ്ധയുടെ ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. ജൂലായ് വരെയാണ് ഉപയോഗിച്ചത്. പിന്നീട് ശ്രദ്ധയുടെ ഫോണ്‍ അയാള്‍ മുംബൈയില്‍ ഉപേക്ഷിച്ചു. അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഇത്. മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തിക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
അല്‍ത്താഫ് ഡേറ്റിംഗ് ആപ്പ് സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്ന് മനസ്സിലാക്കിയ പോലീസ് അയാളുടെ ഡേറ്റിംഗ് പ്രൊൈഫല്‍ ഹിസ്റ്ററി കണ്ടെത്താന്‍ ബംബിളിനെ സമീപിക്കാനൊരുങ്ങുകയാണ്. ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിക്കുമ്പോഴും ഇയാള്‍ ഡേറ്റിംഗ് ആപ്പിലുടെ പരിചയപ്പെട്ട സ്ത്രീകളെ ഫ്ളാറ്റില്‍ എത്തിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ശ്രദ്ധ കൊല്ലപ്പെട്ട് 15-20 ദിവസത്തിനുള്ളില്‍ അല്‍ത്താഫ് പുതിയ കാമുകിയെ വരുതിയിലാക്കി. ഈ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ പരിശ്രമം. ഈ സ്ത്രീകളില്‍ ആര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.






