ന്യൂഡല്‍ഹി: ഐസ്ആര്‍ഒ ചാരവൃത്തിക്കേസില്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനെതിരായ നടപടിയില്‍ മുന്‍ പോലീസ്, ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടി. സിബി മാത്യൂസ്, ആര്.ബി ശ്രീകുമാര്‍ എസ്.വിജയന്, തമ്പി എസ്. ദുര്‍ഗ, പി.എസ് ജയപ്രകാശ് എന്നീ പ്രതികള്‍ക്ക് ഹൈക്കോതി നല്കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി.
അഞ്ചാഴ്ചത്തേക്ക് ഇവരുടെ അറസ്റ്റ തടഞ്ഞ കോടതി, ഇവരുടെ ഹര്‍ജി നാലാഴ്ചക്കുള്ളില്‍ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്കി. ഹൈക്കോടതിയില്‍ നിന്ന് അന്തിമ ഉത്തരവ് വരുന്നവരെയും അന്വേഷണവുമായി പ്രതികള്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ജസ്റ്റീസ് എം.ആര് ഷാ, ജസ്റ്റീസ് സി.ടി രവികുമാര്‍ എന്ിവരുടെ ബെഞ്ചാണ് 2021ല്‍ കേരള ഹൈക്കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ 1994ല്‍ ചാരവൃത്തിക്കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റു ചെയ്തത കേസില്‍ ക്രിമിനല്‍ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം 18 പേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്. നമ്പി നാരായണനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം മോഷ്ടിച്ചു വിറ്റു എന്ന് ആരോപിക്കുന്ന സങ്കേതിക വിദ്യ അക്കാലത്ത് ഐഎസ്ആര്‍ഒയ്ക്ക് സ്വന്തമായിരുന്നില്ലെന്ന് കാണിച്ചാണ് സിബിഐ കോടതി കേസ് തള്ളിയതും നമ്പി നാരായണന് ക്ലീന്‍ ചിറ്റ് നല്കിയതും.
നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് 2018 സെപ്തംബര്‍ 14ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റി കേരള സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.






