
ന്യുഡല്ഹി: ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിപുലമായ യോഗം വിളിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികള് സ്വീകരിക്കുന്നതിനാണ് യോഗം. ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും യോയത്തില് പങ്കെടുക്കും. അതേസമയം, കോവിഡ് വ്യാപനം ഉയര്ന്നുനില്ക്കുന്ന രാജ്യങ്ങളില് നിന്ന് എത്തുന്നവര്ക്ക് നിയന്ത്രണം വേണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളില് നിന്നുള്ള വിമാനങ്ങള്ക്കും നിയന്ത്രണം കൊണ്ടുവരണം.
കോവിഡ് പോസിറ്റീവ് കേസുകളില് എടുക്കുന്ന സാംപിളുകള് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഐഎന്എസ്എസിഒജി ലാബുകളില് അയച്ച് വൈറസിന്റെ ജനിതക വകഭേദം ഏതാണെന്ന് കണ്ടെത്തുമെന്ന് സര്ക്കാര് വ്യക്തമാക്കി. ജപ്പാന്, അമേരിക്ക, കൊറിയ, ബ്രസീല്, ചൈന എന്നിവിടങ്ങളില് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില് വൈറസിന്റെ ജനിതക പഠനം അനിവാര്യമാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് എല്ലാ സംസ്ഥാനങ്ങള്ക്കും അയച്ച കത്തില് പറയുന്നു.
വിദേശരാജ്യങ്ങളില് കാണപ്പെട്ട ഇത്തരം പുതിയ വകഭേദങ്ങള് കണ്ടെത്തിയാല് കരുതല് നടപടികള് ഊര്ജിതമാക്കണം. ചൊവ്വാഴ്ച രാജ്യത്ത് 112 പുതിയ കേസുകള് മാത്രമാണ് റിപ്പോര്ട്ട് ചെയ്തത്. ആകെ രോഗികള് 3,490 ആയി. മൂന്നു മരണമാണ് ഇന്നലെ ആകെയുണ്ടായത്. ഇതില് രണ്ടെണ്ണം കേരളത്തിലും ഒരെണ്ണം മഹാരാഷ്ട്രയിലുമാണ്. ആകെ 5.30,677 പേര് രാജ്യത്ത് കോവിഡ് ബാധയെ തുടര്ന്ന് മരിച്ചു. 220 കോടി ഡോസ് വാക്സിന് ഇതുവരെ വിതരണം ചെയ്തുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.







Comments