
ബുവനേശ്വര്‍: വ്ളാഡിമര്‍ പുടിന്റെ വിമര്ശകന് പാവേല്‍ ആന്റോവും കൂട്ടുകാരന് വഌഡിമര്‍ ബൈഡാനോവും ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിന് പിന്നാലെ ഒഡീഷയില്‍ മറ്റൊരു റഷ്യക്കാരനെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തി. സെര്‍ജി മില്യാക്കോവ് എന്നയാളുടെ മൃതദേഹം ജഗത്സിംഗ്പൂരിലെ ഒരു ചരക്കുകപ്പലില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമികമായ വിലയിരുത്തല്‍.
പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി അറിയാനാകൂ. മില്യാക്കോവിന്റെ പോസ്റ്റുമാര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കും. രണ്ടാഴ്ചയ്ക്കിയില് ഒഡീഷയില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് മില്യാക്കോവ്. നേരത്തേ റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്റെ വലിയ വിമര്‍ശകനായ റഷ്യന്‍ നിയമജ്ഞന് ആന്റോവ് പാവലിനെയും അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള സഹയാത്രികന് ബൈഡാനോവ് വ്ളാഡിമറിനെയും ഡിസംബര്‍ 22 നും 24 നും റയാഗാഡയിലെ ഹോട്ടലില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഡിസംബര്‍ 22 ന് മൂന്ന് നില ഹോട്ടലിന്റെ ടെറസില്‍ നിന്നും താഴെ വീണായിരുന്നു പാവേല്‍ ആന്റോവ് മരണമടഞ്ഞത്.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ബൈഡാനോവും മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ സംശയം. പാവേലിന്റെ പോസ്റ്റുമാര്‍ട്ടം പോലീസ് വീഡിയോയില്‍ പകര്‍ത്തിയിരുന്നില്ല. ഇത് വലിയ വിവാദമായി മാറി എന്നാല്‍ ബൈഡന്റെ പോസ്റ്റുമാര്‍ട്ടം പകര്‍ത്തുകയും ചെയ്തിരുന്നു. ഉക്രെയിന് മേല്‍ റഷ്യ നടത്തുന്ന യുദ്ധത്തെ ഭീകരത എന്ന് പാവേല്‍ ആക്ഷേപിച്ചിരുന്നു. റഷ്യയിലെ വന്‍ വ്യവസായിയും പാര്‍ലമെന്റംഗവുമാണ് പാവേല്‍.






