
പാരീസ്: മുന്‍ഗാമി മറഡോണയുടെ പാതയിലാണ് ഫുട്ബോളിലെ സൂപ്പര്‍താരം ലിയോണേല്‍ മെസ്സി. ലോകകപ്പ് നേട്ടം തട്ടിപ്പറിച്ച രാജ്യത്ത് വീണ്ടും പന്തു തട്ടാനെത്തുന്ന താരത്തിന് ഫ്രഞ്ച് ജനത എന്ത് വരവേല്‍പ്പാകും നല്‍കുക എന്ന ആകാംഷയിലാണ് ഫുട്ബോള്‍ ലോകം. ലോകകപ്പിനും വിശ്രമത്തിനും ശേഷം തന്റെ ക്ലബ്ബ് പി.എസ്.ജിയില്‍ കളിക്കാന്‍ താരം ഇന്ന് പാരീസില്‍ വീണ്ടുമെത്തും.
ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയായിരുന്നു മെസ്സിയുടെ അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയത്. ലോകകപ്പിന് ശേഷം ഫ്രഞ്ച് ലീഗില്‍ കളി പുനരാരംഭിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ പി.എസ്.ജി.യ്ക്ക് പോയിന്റ് പട്ടികയില്‍ രണ്ടാമത് നില്ക്കുന്ന ലെന്‍സിനോട് 3-1 ന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സൂപ്പര്‍താരങ്ങളായ മെസ്സിയും നെയ്മറും ഇല്ലാതെയാണ് പി.എസ്.ജി. കളത്തിലിറങ്ങിയത്.
ലോകകപ്പ് നേടിയ ശേഷം ഫ്രാന്‍സില്‍ തിരിച്ചെത്തുന്ന മെസ്സിയെ ആദ്യ മത്സരത്തില്‍ ഫ്രഞ്ച് ജനത എങ്ങിനെ സ്വീകരിക്കുമെന്നാണ് അറിയാനുള്ളത്. ലോകകപ്പില്‍ ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതിന് പുറമേ പി.എസ്.ജി. യിലെ മെസ്സിയുടെ സഹതാരവും ഫ്രഞ്ച് സൂപ്പര്‍താരവുമായ എംബാപ്പേ ഉള്‍പ്പെടെയുള്ള ഫ്രഞ്ച് താരങ്ങള്‍ക്കെതിരേ അര്‍ജന്റീന താരങ്ങള്‍ നടത്തിയ വംശീയാധിക്ഷേപവും വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതിനെല്ലാം ശേഷമാണ് മെസ്സി ഫ്രാന്‍സിലേക്ക് വിമാനം കയറിയിരിക്കുന്നത്.
ലോകകപ്പുമായി നാട്ടിലെത്തി വിശ്രമത്തിന് ശേഷം ക്ലബ്ബില്‍ തിരിച്ചെത്തിയിരിക്കുന്ന മെസ്സിയെ കാത്ത് വമ്പന്‍ മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇതിലൊന്ന് യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണിനെതിരേയുള്ള മത്സരമാണ്.
ഇറ്റാലിയ 90 ലോകകപ്പില്‍ സെമിയില്‍ ആതിഥേയരായ ഇറ്റലിയെ പരാജയപ്പെടുത്തിയായിരുന്നു മറഡോണയുടെ അര്‍ജന്റീന ഫൈനലില്‍ കടന്നത്. ജര്‍മ്മനിയോട് കലാശപ്പോരാട്ടത്തില്‍ തോറ്റെങ്കിലും ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയില്‍ കളിക്കാനെത്തിയ മറഡോണയ്ക്ക് നല്ല സ്വീകരണമായിരുന്നില്ല ഇറ്റാലിയന്‍ ആരാധകരില്‍ നിന്നും കിട്ടിയത്. മെസ്സിയും ഇപ്പോള്‍ ഇതേ പാതയിലാണ്.





