
ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 32 റണ്‍ ജയം.
ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്‌സ് അഞ്ച് വിക്കറ്റിന് 192 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റിന് 160 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെ ചെന്നൈയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ ഇന്നിങ്‌സാണ് (32 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 48) ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഡെവാള്‍സ് ബ്രെവിസ് (29 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 41), ആയുഷ് എംഹാത്രെ (17 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം 38), സര്‍ഫ്രാസ് ഖാന്‍ (18 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 23) എന്നിവരും ചെന്നൈയ്ക്കായി പൊരുതി. സഞ്ജുവും നായകന്‍ ഋതുരാജ് ഗെയ്ക്വാദുമാണ് (ആറ് പന്തില്‍ ഏഴ്) ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്.
ഗെയ്ക്‌വാദിനെ അന്‍കൂല്‍ റോയ് റോവ്മന്‍ പവലിന്റെ കൈയിലെത്തിച്ചു. എംഹാത്രെയും സഞ്ജുവും ചേര്‍ന്നതോടെ ടീം കൂറ്റന്‍ സ്‌കോറിലെത്തുമെന്നു തോന്നിപ്പിച്ചു. എംഹാത്രെയെ വൈഭവ് അറോറ പുറത്താക്കി. 12-ാം ഓവര്‍ പൂര്‍ത്തിയാകും മുന്‍പ് സഞ്ജു മടങ്ങി. മലയാളി താരം കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. പോയിന്റ് പട്ടികയില്‍ വാലറ്റക്കാരാണ് ചെന്നൈയും കൊല്‍ക്കത്തയും.



