ഹൈദരാബാദ്: രാജസ്‌ഥാന്‍ റോയല്‍സിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 57 റണ്ണിനു ജയിച്ചതോടെ കന്നി മത്സരം കളിച്ച പേസര്‍മാരായ പ്രഫുല്‍ ഹിംഗെയും സാകിബ് ഹുസൈനും ശ്രദ്ധിക്കപ്പെട്ടു.
കന്നി മത്സരത്തില്‍ തന്നെ ഇരുവരും നാല് വിക്കറ്റ് വീതമെടുത്തതോടെ രാജസ്‌ഥാന്‍ റോയല്‍സ് തകര്‍ന്നു. ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ആറ് വിക്കറ്റിന് 216 റണ്ണെടുത്തു. രാജസ്‌ഥാന്‍ റോയല്‍സ് 18.6 ഓവറില്‍ 159 റണ്ണിന് ഓള്‍ഔട്ടായി.
ഹിംഗെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വൈഭവ് സൂര്യവംശി (0), ധ്രുവ് ജൂറല്‍ (0), ലുഹാന്‍ ഡി പ്രിട്ടോറിയസ് (0) എന്നിവര്‍ പുറത്തായി. നായകന്‍ റയാന്‍ പരാഗിനെയും (നാല്) ഹിംഗെയാണു പുറത്താക്കിയത്. ഐ.പി.എല്ലിലെ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റെടുക്കുന്ന ആദ്യ താരമാണ് പ്രഫുല്‍. അരങ്ങേറ്റ മത്സരത്തിലാണ് ഈ ഗംഭീര റെക്കോഡ് സ്വന്തമാക്കിയത്. ഡോണോവന്‍ ഫെരേയ (44 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 69), രവി ബിഷ്‌ണോയ് (0), ജോഫ്ര ആര്‍ച്ചര്‍ (രണ്ട്), ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (ഒന്ന്) എന്നിവരെ പുറത്താക്കാന്‍ ഹുസൈനായി. 24 വയസുകാരനായ പ്രഫുല്‍ വിദര്‍ഭ സ്വദേശിയാണ്.
2024/25 ലെ രഞ്‌ജി സീസണിലൂടെയാണു വരവ്.10 മത്സരങ്ങള്‍ കളിച്ചു. ട്വന്റി20, ഏകദിനങ്ങളില്‍ പരിചയക്കുറവുണ്ടായിരുന്നു. സയദ് മുഷ്‌താഖ് അലി ട്രോഫിയില്‍ കളിച്ചതു മാത്രമാണു ട്വന്റി20 യിലെ അനുഭവ സമ്പത്ത്. ഉമേഷ് യാദവിനൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്‌ത പ്രഫുല്‍ ആന്ധ്രാപ്രദേശ് നായകന്‍ റിക്കി ഭുയെ പുറത്താക്കി.
പ്രഫുലിനെ 30 ലക്ഷം രൂപയ്‌ക്കാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. 13-ാം വയസില്‍ പിതാവിനെ നിര്‍ബന്ധിച്ച് സമ്മതിപ്പിച്ച് ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു. ഹിറ്റ് -ദ- ഡക്ക് ബൗളറായ പ്രഫുലിന് കഴിഞ്ഞ സീസണില്‍ പുറംവേദന തിരിച്ചടിയായി. എം.ആര്‍.എഫ്. പേസ് അക്കാദമിയിലെ ഫിസിയേമാരുടെ സഹായത്തോടെ പരുക്കിനെ അതിജീവിച്ചു. അക്കാദമിയില്‍ വരുണ്‍ ആരോണ്‍, ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത് എന്നിവരുടെ ശിക്ഷണവും തുണയായി.
രാജസ്‌ഥാന്‍ റോയല്‍സിനെതിരേ പ്രഫുലിനൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്‌ത സാകിബ് ട്രാവിസ് ഹെഡിനു പകരം ഇംപാക്‌ട് സബായാണു കളിച്ചത്‌്. 30 ലക്ഷം രൂപയ്‌ക്കാണു ഹൈദരാബാദിന്റെ ഭാഗമായത്. രണ്ട് വര്‍ഷം മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായെങ്കിലും ഒരു മത്സരം പോലും കളിക്കാനായില്ല. ബിഹാറിലെ ഗോപാല്‍ഗഞ്‌ജ് സ്വദേശിയായ സാകിബിന്റെ പിതാവ് സാധാരണ കര്‍ഷകനാണ്. സൈന്യത്തില്‍ ചേര്‍ന്നു കുടുംബത്തിനു താങ്ങാകാനായിരുന്നു മോഹം. പക്ഷേ ക്രിക്കറ്റിന്റെ ലോകം സമ്മതിച്ചില്ല. മാതാവിന്റെ സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് ആദ്യമായി സ്‌പൈക്കുകള്‍ മേടിച്ചത്‌്. 17-ാം വയസില്‍ സയിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ ബിഹാറിനായി കളിച്ചു. രണ്ട് ഓവറില്‍ 27 റണ്‍ വഴങ്ങിയതോടെ അരങ്ങേറ്റം നിരാശാജനകമായി. ഗുജറാത്തിനെതിരേ നടന്ന മത്സരത്തില്‍ നാല് വിക്കറ്റെടുത്തു തിളങ്ങി. പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ്‌സ് ബൗളറായി.




