മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നു തകര്‍പ്പന്‍ പോരാട്ടങ്ങള്‍ കാണാം. മുന്‍ ചാമ്പ്യന്‍മാരായ റയാല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും നേര്‍ക്കുനേല്‍ ഏറ്റുമുട്ടുമ്പോള്‍ ഇംഗ്ലണ്ടിനെ കരുത്തനായ ആഴ്‌സണല്‍ പോര്‍ചുഗലിലെ സ്‌പോര്‍ട്ടിങിനെ നേരിടും.
റയാലിന്റെ തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന ഒന്നാംപാദ ക്വാര്‍ട്ടറില്‍ ബയേണ്‍ 2-1 നു ജയിച്ചിരുന്നു. ഇന്നു സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ബയേണ്‍ സെമി ഫൈനലില്‍ കളിക്കും. ബയേണിന്റെ വെറ്ററന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറിന് ഫൈനലില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ്.
ഒന്നാംപാദ മത്സരത്തില്‍ ന്യൂയറിന്റെ ഒന്‍പത് കിടിലന്‍ സേവുകളാണു ബയേണിനെ ജയിപ്പിച്ചത്‌്. മത്സരത്തിലെ താരവും ന്യൂയറായിരുന്നു. റയാലിന്റെ മിന്നും താരങ്ങളായ കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍ എന്നിവരുടെ ഷോട്ടുകളെ ന്യൂയര്‍ വലയില്‍ കയറാന്‍ അനുവദിച്ചില്ല.
40 വയസുകാരനായ ജര്‍മന്‍ ഗോള്‍ കീപ്പറിന്റെ ബയേണുമായുള്ള കരാര്‍ കാലാവധി ഈ സീസണോടെ അവസാനിക്കുകയാണ്.
ബയേണ്‍ കരാര്‍ നീട്ടാന്‍ തല്‍പരരാണെങ്കിലും കളിക്കളത്തിനു പുറത്തുള്ള ജീവിതത്തെക്കുറിച്ചു ചിന്തിക്കാനുള്ള സമയമായെന്ന നിലപാടിലാണു ന്യൂയര്‍. ജര്‍മനിക്ക് 2014 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഗോള്‍ കീപ്പറാണു മുന്‍ നായകന്‍ കൂടിയായ മാനുവല്‍ ന്യൂയര്‍. കഴിഞ്ഞ രണ്ടു സീസണുകളിലും ന്യൂയറിനെ പേശീ വലിവ് ഏറെ അലട്ടിയിരുന്നു. ടീമിന്റെ ഒന്നാം നമ്പറായിട്ടും 11 മത്സരങ്ങളില്‍ കളിക്കാനായില്ല.
ജൂണില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാനില്ലെന്നു ന്യൂയര്‍ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ബുണ്ടസ് ലിഗയിലെ 13-ാം കിരീടവും ചാമ്പ്യന്‍സ് ലീഗിലെ മൂന്നാം കിരീടവും നേടിയ ശേഷം കീപ്പിങ് ഗ്ലൗസ് ഉപേക്ഷിക്കാമെന്ന മോഹത്തിലാണു ന്യൂയര്‍. ജര്‍മനിയുടെയും ബയേണിന്റെയും ഇതിഹാസ താരങ്ങളായ തോമസ് മുള്ളര്‍, ഫിലിപ്പ് ലാം, ബാസ്‌റ്റിന്‍ ഷൈ്വന്‍സ്‌റ്റിഗര്‍ എന്നിവരുടെ സമകാലികനാണു ന്യൂയര്‍. 2011 ല്‍ ന്യൂയര്‍ എത്തിയ ശേഷമാണു ബയേണ്‍ തുടര്‍ച്ചയായി ബുണ്ടസ് ലിഗയില്‍ ജേതാക്കളാകുന്നത്.
തുടര്‍ന്ന് 15 സീസണുകളില്‍ കളിച്ചു. ''റയാലിന് ഇല്ലാത്തതും തങ്ങള്‍ക്കുള്ളതുമായ എക്‌സ് ഫാക്‌ടര്‍'' ന്യൂയറാണെന്നു ബയേണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ്‌റ്റ്യന്‍ ഡ്രീസന്‍ പറഞ്ഞു. ബുണ്ടസ് ലിഗയില്‍ സെന്റ് പൗളിയെ 5-0 ത്തിനു തോല്‍പ്പിച്ച ശേഷമാണു ബയേണ്‍ റയാലിനെ നേരിടാനൊരുങ്ങിയത്. റയാല്‍ മാഡ്രിഡ് ലാ ലിഗയില്‍ ജിറോണയോട് 1-1 നു സമനില വഴങ്ങിയിരുന്നു.



